വ്യോമയാന കമ്പനികൾ നിരക്ക് കൂട്ടി:ഉത്തരേന്ത്യൻ സഞ്ചാരികളുടെ വരവ് കുറയുന്നു

അഞ്‌ജുനാഥ്
Published on Apr 20, 2025, 12:40 AM | 1 min read
ആലപ്പുഴ
:വ്യോമയാന കമ്പനികൾ ആഭ്യന്തര യാത്രാനിരക്ക് കുത്തനെ വർധിപ്പിച്ചത് കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയായി. മധ്യവേനലവധിക്ക് ഉത്തരേന്ത്യൻ സഞ്ചാരികളുടെ വരവ് കുത്തനെ കുറയാൻ ഇത് ഇടയാക്കി. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നതിനേക്കാളും 30 ശതമാനത്തോളം കുറവാണ് ഇത്തവണ എത്തിയ ഉത്തരേന്ത്യൻ സഞ്ചാരികൾ.
ഡൽഹി, മുംബൈ, ഹൈദരാബാദ് മേഖലകളിൽനിന്നാണ് ഉത്തരേന്ത്യൻ വിനോദസഞ്ചാരികളിൽ ഏറെയും കേരളത്തിൽ എത്തുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വ്യോമയാന കമ്പനികൾ 3000 രൂപയിലധികമാണ് നിരക്ക് വർധിപ്പിച്ചത്. ഇതോടെ ഡൽഹി–-കൊച്ചി നിരക്ക് 10000ൽ അധികമായി. മുംബൈ–-കൊച്ചി 8000വും ഹൈദരാബാദ്–-കൊച്ചി 6000വുമായി.
ഇതോടെയാണ് വിനോദസഞ്ചാരികൾ യാത്ര റദ്ദാക്കുന്നത് വർധിച്ചതെന്ന് ഓൾ കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി പ്രസിഡന്റ് എ അനസ് പറഞ്ഞു.
മാസങ്ങൾക്കുമുമ്പ് വെബ്‌സൈറ്റുകളിലും ട്രാവൽ ഏജന്റുമാർ വഴിയും ബുക്ക് ചെയ്‌തിരുന്നവർ യാത്ര റദ്ദാക്കിയതുകണ്ട് അന്വേഷിക്കുമ്പോൾ വിമാനനിരക്ക് കൂട്ടിയതാണ് കാരണമായി പറയുന്നത്.
കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ പാക്കേജ് അടിസ്ഥാനത്തിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടെന്ന് ടൂർ ഓപ്പറേറ്റർമാരും പറയുന്നു.
നേരത്തേ, തിരക്കുള്ള സമയത്ത് വർധിപ്പിക്കുന്ന വിമാന നിരക്ക് സീസൺ കഴിയുമ്പോൾ വ്യോമയാനക്കമ്പനികൾ കുറയ്‌ക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പരമാവധി 500 രൂപ വരെയാണ് കുറച്ചത്.
വിമാനഇന്ധനം വളരെ കുറഞ്ഞനിരക്കിൽ നൽകിയും നികുതിയിളവ് പ്രഖ്യാപിച്ചും വ്യോമയാനക്കമ്പനികളെ സഹായിക്കുന്ന കേന്ദ്രസർക്കാർ യാത്രാനിരക്ക് തീരുമാനിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറി ജനങ്ങളെ കൊള്ളയടിക്കാൻ പരമാവധി സഹായം നൽകുകയാണ്.









0 comments