പിലാക്കാവിൽ കണ്ടെത്തിയത് നരഭോജി കടുവയുടെ ജഡം: സ്ഥിരീകരിച്ച് വനം വകുപ്പ്

മാനന്തവാടി : മാനന്തവാടി പിലാക്കാവിൽ കണ്ടെത്തിയത് പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജികടുവ. രാധയെ കൊലപ്പെടുത്തിയ കടുവയുടെ ജഡമാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. നരഭോജികടുവയാണ് ചത്തതെന്ന് സിസിഎഫ് കെ എസ് ദീപയും ഡോ. അരുൺ സക്കറിയയും മാധ്യമങ്ങളോട് പറഞ്ഞു. ഫോട്ടോയും ഐഡന്റിഫിക്കേഷൻ മാർക്കുകളും ഒത്തു നോക്കിയാണ് ചത്തത് നരഭോജി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.
പുലർച്ചെ 12.30 ഓട് കൂടി പ്രദേശത്ത് കടുവയുടെ സാന്നിധ്യം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പിന്റെ സംഘവും അരുൺ സക്കറിയ അടക്കമുള്ളവരുടെ സംഘവും പ്രദേശത്ത് പട്രോളിങ് ആരംഭിച്ചിരുന്നു. 2.30ഓട് കൂടി കടുവയെ വീണ്ടും കണ്ടിരുന്നു. തുടർന്നും പരിശോധന നടത്തി. രാവിലെയാണ് ചത്ത നിലയിൽ കണ്ടത്. റോഡിന്റെ വശത്തായാണ് കടുവയുടെ ജഡം കണ്ടത്. പോസ്റ്റ്മോർട്ടം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കുകയുള്ളു- സിസിഎഫ് വ്യക്തമാക്കി. കടുവയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടെന്നും മുറിവിന് പഴക്കമുണ്ടെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു.
ഞായറാഴ്ചയാണ് പഞ്ചാരക്കൊല്ലിയിൽ തോട്ടം തൊഴിലാളി രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയതിനിടെയായിരുന്നു അക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍ കടുവയെ വെടിവയ്ക്കാൻ ഉത്തരവിട്ടത്.
ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ. 7 വയസ് പ്രായമുള്ള കടുവയാണ് ചത്തതെന്ന് നിഗമനം
പോസ്റ്റ്മോർട്ടം നടപടികൾ ഇന്നു തന്നെ നടത്തും
ചത്തത് നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനംമന്ത്രിയുടെ ഓഫീസ്.
കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.









0 comments