അച്ചൻകോവിലിലെ കടുവകളുടെ പോസ്റ്റുമോർട്ടം നടത്തി; അസ്വാഭാവികതയില്ലെന്ന് റിപ്പോർട്ട്

അച്ചൻകോവിൽ കല്ലാർ റെയ്‌ഞ്ചിൽ തുളുമലഭാഗത്ത് കടുവയെ ചത്തനിലയിൽ കണ്ടെത്തിയപ്പോൾ
കൊല്ലം: അച്ചൻകോവിൽ ഡിവിഷനിൽ കല്ലാർ റെയിഞ്ചിലെ തുളുമല സെക്ഷൻ പരിധിയിൽ ലഭിച്ച രണ്ട് കടുവകളുടെ ജഡങ്ങൾ പോസ്റ്റുമോർട്ടം നടത്തി. ഒന്ന് പ്രയാധിക്യം മൂലവും രണ്ടാമത്തേത് മറ്റൊരു കടുവയുടെ ആക്രമണം മലൂവുമാണ് മരിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. പരിശോധനയിൽ അസ്വാഭാവികമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) യുടെ ഗൈഡ്ലൈൻസ് പ്രകാരം ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രൂപീകരിച്ച കമ്മിറ്റിയാണ് പോസ്റ്റുമോർട്ടം നടത്തിയത്. കല്ലാർ റെയിഞ്ചിലെ ശവക്കോട്ട ഭാഗത്ത് ഡിസംബർ 31 ന് കണ്ടെത്തിയ പെൺകടുവയ്ക്ക് 12-15 വയസ് പ്രായം കണക്കാക്കുന്നു. ജഡത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. കടുവാപ്പാറ ഭാഗത്ത് ജനുവരി 18ന് കണ്ടെത്തിയ ആൺ കടുവയ്ക്ക് 7-10 വയസ് പ്രായം കണക്കാക്കുന്നു. ഒരാഴ്ചയ്ക്കകത്ത് പഴക്കമുള്ള ജഡമാണ് ലഭിച്ചത്. നഖങ്ങൾ കൊണ്ടുള്ള മുറിവുകളും മുതുകിൽ കടിയേറ്റ മുറിവുകളും ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ജഡങ്ങൾ സംസ്‌കരിച്ചു.
കടുവകളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്കും പതോളജി ടെസ്റ്റിനും അയച്ചു. ഫലം വന്നതിനു ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ സ്ഥിരീകരണം ലഭിക്കൂ. പ്രാഥമിക പരിശോധനാ റിപ്പോർട്ട് ചീഫ് വൈൽഡ്ലൈഫ് വാർഡനും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്കും നൽകി. രണ്ടാഴ്ചക്കുള്ളിൽ രണ്ടു കടുവകളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതു സംബന്ധിച്ച് വിശദമായ പരിശോധനയ്ക്കായി വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശപ്രകാരം സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ചതായി ചീഫ് വൈൽഡ്ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.









0 comments