വയനാട്ടിലെ പെൺകടുവ തിരുവനന്തപുരത്തെത്തി

വയനാട് നിന്നും തിരുവനന്തപുരം മൃഗശാല ആശുപത്രിലെത്തിച്ച കടുവ photo: ഷിബിൻ ചെറുകര
തിരുവനന്തപുരം: വളർത്തുമൃഗങ്ങളെ കൊന്ന് പുൽപ്പള്ളി അമരക്കുനിയെ ഭീതിയിലാഴ്ത്തിയ പെൺകടുവ ഇനി തലസ്ഥാനത്ത് കൂട്ടിൽ. ഒരാഴ്ച മുമ്പ് വയനാട്ടിൽ വനംവകുപ്പിന്റെ കൂട്ടിലായ എട്ടുവയസ്സുകാരി കടുവയെ ആണ് തിങ്കളാഴ്‌ച മൃഗശാലയിലെത്തിച്ചത്. 24 മണിക്കൂറും നിരീക്ഷണത്തിന് കൂട്ടിൽ സിസിടിവിയുണ്ട്. രക്തപരിശോധന നടത്തിയശേഷം കാലിനേറ്റ പരിക്കിനുള്ള ചികിത്സ ആരംഭിക്കും.
കുപ്പാടിയിൽ വനംവകുപ്പിന്റെ കടുവ പുനരധിവാസ കേന്ദ്രമുണ്ടെങ്കിലും കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് കടുവയെ മൃഗശാല ആശുപത്രിയിൽ എത്തിക്കുന്നത്. ജനുവരി ഏഴിന് നാരകത്തറയിൽ ജോസഫിന്റെ ആടിനെ കൊന്നാണ് കടുവ ആക്രമണം തുടങ്ങിയത്. ആടിനെ പാതിയോളം ഭക്ഷിച്ചു. വിവരമറിഞ്ഞെത്തിയ വനം വകുപ്പുദ്യോഗസ്ഥർ കെണിയൊരുക്കി. കെണിയിൽ കുടുങ്ങിയില്ലെങ്കിലും കാമറയിൽ കുടുങ്ങി. സൂക്ഷ്മ പരിശോധനയിൽ ഇത് കേരളത്തിന്റെ ഡാറ്റാ ബേസിൽ ഇല്ലാത്ത കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അഞ്ച് കൂട് വച്ചെങ്കിലും തൂപ്ര അങ്കണവാടിക്ക് സമീപം സ്ഥാപിച്ച കെണിയിലാണ് കുടുങ്ങിയത്.
2023 ജനുവരിയിൽ മാനന്തവാടി പുതുശ്ശേരിയിൽ ഒരാളെ കൊന്ന ആൺകടുവയെയും ഉടനെ തിരുവനന്തപുരത്ത് എത്തിക്കും. മൂന്ന് ബംഗാൾ കടുവയും രണ്ട് വെള്ള കടുവയുമുള്ള മൃഗശാലയിൽ ഇതോടെ ആകെ കടുവകൾ ഏഴാകും.









0 comments