53 ദിവസങ്ങൾക്കുശേഷം നരഭോജി കടുവ പിടിയിൽ

കരുവാരക്കുണ്ട് (മലപ്പുറം)
കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. 53 ദിവസങ്ങൾക്കുശേഷമാണ് കടുവ പിടിയിലായത്. കരുവാരക്കുണ്ട് പഞ്ചായത്തിലെ സുൽത്താന എസ്‌റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. ന്യൂ അമരമ്പലം ഫോറസ്‌റ്റ് ഓഫീസിലെത്തിച്ച കടുവയെ വൈകിട്ടോടെ തൃശൂർ പുത്തൂരിലെ സുവോളിജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയി. കടുവയുടെ തലയിലും ശരീരത്തിൽ ചെറിയ മുറിവുകളുണ്ട്.
ഞായറാഴ്‌ച രാവിലെ എസ്‌റ്റേറ്റിലേക്കുപോയ തൊഴിലാളികളാണ് കടുവ കൂട്ടിലായ വിവരം ആദ്യം അറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് കാളികാവ് റേഞ്ച് ഓഫീസർ പി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം കടുവയെ പ്രദേശത്തുനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കടുവയെ വെടിവച്ച് കൊലപ്പെടുത്തുകയോ അല്ലെങ്കിൽ മൃഗശാലയിലേക്ക് കൊണ്ടുപോകണമെന്നുമായിരുന്നു ജനങ്ങളുടെ ആവശ്യം. പിടികൂടിയ കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്നും ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
മെയ് 15ന് പുലർച്ചെ ചോക്കാട് കല്ലാമൂല കളപ്പറമ്പിൽ ഗഫൂറലി (41)യാണ് അടക്കാക്കുണ്ട് പാറശേരി റാവത്തംകാട് റബർ എസ്റ്റേറ്റിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അന്നുമുതൽ വനംവകുപ്പിന്റെ പ്രത്യേക സംഘം കടുവക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. വിവിധ മേഖലകളിൽ കൂടുകളും സ്ഥാപിച്ചിരുന്നു. കൂടുകളിലൊന്നിൽ കുടുങ്ങിയ പുലിയെ ഉൾക്കാട്ടിൽ തുറന്നുവിടുകയായിരുന്നു. ഏതാനും ദിവസംമുമ്പ് തിരച്ചിൽ സംഘത്തെയും കടുവ ആക്രമിച്ചിരുന്നു. അന്ന് റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചെങ്കിലും പിടികൂടാനായില്ല. കടുവ ഉൾക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
0 comments