കടുവ ആക്രമണം: കാളികാവിൽ തിരച്ചിലിനായി പ്രത്യേക സംഘം; 14 ലക്ഷം നഷ്ട പരിഹാരം നൽകും

കാളികാവ്: കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനായി വയനാട് മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെടെ സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. നോര്‍ത്തേണ്‍ റീജിയണ്‍ (വൈല്‍ഡ് ലൈഫ്) സിസി എഫ് ഉമ ഐഎഫ്എസ്, മറ്റ് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര വന്യജീവി നിയമത്തിന്റെ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരം രൂപീകരിക്കുന്ന സമിതി ഉടന്‍ യോഗം ചേര്‍ന്ന് കടുവയെ മയക്കുവെടിവെക്കുന്നതും കൂടുവെച്ച് പിടികൂടുന്നതും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. പ്രദേശത്ത് ജാഗ്രത പാലിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഗഫൂറിന്റെ ആശ്രിതർക്ക് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. കടുവയെ പിടികൂടാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചതായും എ പി അനിൽകുമാർ എംഎൽഎ, നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാൽ എന്നിവർ അറിയിച്ചു. നഷ്ട പരിഹാര തുകയിൽ 5 ലക്ഷംരൂപ ഉടൻ കുടുംബത്തിന് നൽകും. പ്രദേശത്തുകാരുടെ ജീവന് സംരക്ഷണം ഉറപ്പുവരുത്താനായി ആർആർടി സംവിധാനവും ഒരുക്കും. നഷ്ടപരിഹാര തുക വർധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗഫൂറിന്റെ ആശ്രിതർക്ക് താൽക്കാലിക ജോലി നൽകുമെന്നും ജോലി സ്ഥിരപ്പെടുത്താന്നതിനായി ശുപാർശ ചെയ്യുമെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാൽ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് കടുവയുടടൊക്രമണത്തിൽ ഗഫൂറലി കൊല്ലപ്പെട്ടത്. കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട് പാറശ്ശേരി റാവത്തംകാട് റബ്ബർ എസ്റ്റേറ്റിലാണ് സംഭവം. ടാപ്പിങ്ങിനിടെ സമീപത്തെ കുറ്റികാട്ടിൽനിന്ന് ഗഫൂറിന്റെ പിൻവശത്തിലൂടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ആക്രമിച്ചയുടനെ കടുവ ഗഫൂറിനെ കടിച്ചുവലിച്ചെടുത്ത് കൊണ്ടുപോയി. സംഭവ സ്ഥലത്തുനിന്നും ഏകദേശം 200 മീറ്റർ അകലെയാണ് മൃതദേഹം കിടന്നിരുന്നത്. ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ജനവാസ മേഖലയിൽ നിന്നും ഒരു കിലോമീറ്റർ മാറി സൈലന്റ് വാലി ബഫർ സോണിനോട് ചേർന്ന പ്രദേശത്താണ് കടുവയുടെ ആക്രമണമുണ്ടായത്.









0 comments