തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള തടസം നീങ്ങി; നിയമോപദേശം ലഭിച്ചതായി മന്ത്രിമാർ

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്നതിന് നിയമ തടസമില്ലെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പൂരത്തിനുള്ള തടസം നീങ്ങിയതായി മന്ത്രിമാരായ ആർ ബിന്ദു, കെ രാജന്‍ എന്നിവർ അറിയിച്ചു.
പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്ന് മന്ത്രിമാർ പറഞ്ഞു. കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ചീഫ് കണ്‍ട്രോളര്‍ എന്ന അധികാരം ഉപയോഗിച്ചാവും വെടിക്കെട്ടിന് കളക്ടര്‍ അനുമതി നല്‍കുക. കേന്ദ്ര ഏജന്‍സിയായ പെസ്സോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ഇതെന്നും മന്ത്രി വ്യക്തമാക്കി. തിരുവമ്പാടി, പാറമേക്കാവ് ദേവസങ്ങള്‍ തേക്കിന്‍കാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും.
മെയ് ആറിനാണ് ഇത്തവണ തൃശൂര്‍ പൂരമെങ്കിലും വെടിക്കെട്ടിന് അനുമതി ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. കേന്ദ്ര നിയമമാണ് പൂരം വെടിക്കെട്ടിന് പ്രതികൂലമായത്. വെടിക്കെട്ട് പുരയില്‍ നിന്നും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ ദൂരം വേണമെന്നതാണ് പ്രധാന നിബന്ധന. ഫയര്‍ ലൈനില്‍ നിന്നും 100 മീറ്റര്‍ മാറിവേണം ആളുകള്‍ നില്‍ക്കാന്‍, 250 മീറ്റര്‍ പരിധിയില്‍ സ്‌കൂളുകളോ പെട്രോള്‍ പമ്പോ പാടില്ലെന്നും നിബന്ധനകളുണ്ട്. ഇതോടെ തൃശൂർ നഗരത്തിൽ എവിടെയും വെടിക്കെട്ട് നടത്താൻ കഴിയില്ല എന്ന അവസ്ഥ വന്നു.








0 comments