ബേക്കലിന് വീറുള്ള കന്നിപ്പോരാട്ടം

ബേക്കൽ ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനായ ബേക്കലിന് കന്നിപ്പോരാട്ടമാണിത്. അതിനാൽ നാട് ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് വീറും വാശിയുമുള്ള ബേക്കലിന്റെ രാഷ്ട്രീയ പോരാട്ടത്തെ. ഉദുമ, പെരിയ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ബേക്കൽ ഡിവിഷൻ. കരിപ്പോടി, പനയാൽ, ബേക്കൽ, പാക്കം, വെളുത്തോളി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ. ഉദുമ പഞ്ചായത്തിലെ ഒന്പത്, പള്ളിക്കര പഞ്ചായത്തിലെ ആകെയുള്ള 24 വാർഡുകൾ, പുല്ലൂർ പെരിയ പഞ്ചായത്തിലെ കുണിയ, പെരിയ ബസാർ ഉൾപ്പെടെ 35 വാർഡുകൾ എന്നിവ ചേർന്നതാണ് ബേക്കൽ ഡിവിഷൻ. പടയോട്ടങ്ങളുടെ ചരിത്രമുള്ള മണ്ണായ ബേക്കലിൽ എൽഡിഎഫും യുഡിഎഫും നേരിട്ടാണ് മത്സരം. കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനങ്ങൾക്കും നവോത്ഥാന -സാംസ്കാരിക മുന്നേറ്റങ്ങൾക്കും ശക്തമായ അടിവേരുള്ള മണ്ണാണിത്. ബേക്കലിലെ ബ്ലോക്ക് ഡിവിഷനുകളിലെല്ലാം കാലങ്ങളായി എൽഡിഎഫ് അംഗങ്ങളാണ്. ഡിവിഷനിൽ പ്രധാനമായും ഉൾപ്പെടുന്ന പള്ളിക്കര പഞ്ചായത്ത് മൂന്നുപതിറ്റാണ്ടായി എൽഡിഎഫാണ് ഭരിക്കുന്നത്. കാർഷിക മേഖലയിലും ആരോഗ്യ- വിദ്യാഭ്യാസമേഖലയിലും മറ്റു അടിസ്ഥാന വികസന കാര്യത്തിലും പഞ്ചായത്തും സംസ്ഥാന സർക്കാരും ഉണ്ടാക്കിയെടുത്ത നേട്ടങ്ങളാണ് എക്കാലവും ഇടതിന് വൻ സ്വീകാര്യതയുണ്ടാക്കുന്നത്. ഉദുമ പഞ്ചായത്തും എൽഡിഎഫിന്റെ സ്വാധീന മേഖലയാണ്. പള്ളിക്കര പഞ്ചായത്തംഗമായ എൽഡിഎഫ് സ്ഥാനാർഥി ടി വി രാധിക ഡിവിഷനിൽ പരിചിതമുഖമാണ്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ജനാധിപത്യ മഹിള അസോസിയേഷൻ, എൻആർഇജി വർക്കേഴ്സ് യൂണിയൻ, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ ഭാരവാഹിയെന്ന നിലയിൽ ഡിവിഷനിൽ നിറഞ്ഞുനിൽക്കുന്ന പൊതുപ്രവർത്തക. മുസ്ലിംലീഗിലെ ഷഹീദ റാഷിദാണ് യു ഡിഎഫ് സ്ഥാനാർഥി. നിലവിൽ പുല്ലൂർ പെരിയ പഞ്ചായത്തംഗവും എംഎസ്എഫ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റും സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗവുമാണ്. മഹിളാമോർച്ച നേതാവ് മാലതിയാണ് ബിജെപി സ്ഥാനാർഥി.
ഇക്കുറി ദേലംപാടി ചുവക്കും
മുള്ളേരിയ ദേലംപാടി, കാറഡുക്ക, മുളിയാർ, ബെള്ളൂർ, കുമ്പഡാജെ, ബേഡഡുക്ക പഞ്ചായത്തുകളിലെ 49 വാർഡുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്തിലെ ദേലംപാടി ഡിവിഷൻ. ഇതിൽ 25 വാർഡുകളിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. ബെള്ളൂർ പഞ്ചായത്തിലെ പള്ളപ്പാടി, ബസ്തി, ബെള്ളൂർ, നാട്ടക്കൽ, കായ്മല, നെട്ടണിഗെ വാർഡുകളും കുമ്പഡാജെയിലെ ചെറൂണി, ബെളിഞ്ച, ഗാഡിഗുഡ്ഡെ വാർഡുകളും ഡിവിഷനിൽ ഉൾപെടും. കാറഡുക്കയിലെ ഒന്ന്, രണ്ട് വാർഡുകൾ ഒഴികെയുള്ള 14 വാർഡുകളും ദേലംപാടിയിലെ ആകെയുള്ള 17 വാർഡുകളും ഡിവിഷനിലാണ്. മുളിയാർ പഞ്ചായത്തിലെ പാണൂർ, കാനത്തൂർ, ഇരിയണ്ണി, ബേപ്പ്, മുളിയാർ, ബോവിക്കാനം, പാത്തനടുക്കം, കോട്ടൂർ വാർഡും ബേഡഡുക്കയിലെ വട്ടംതട്ടയുമുണ്ട്. ആകെ 52,830 വോട്ടർമാർ. 263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ മുസ്ലിംലീഗിലെ പി ബി ഷെഫീഖ് ഡിവിഷനിൽ വിജയിച്ചത്. ബംഗളൂരുവിൽ ബിസിനസുകാരനായ ജില്ലാ പഞ്ചായത്തംഗം പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കാനോ ജനകീയ ആവശ്യങ്ങൾ നിറവേറ്റാനോ നേരമില്ലാത്ത ജനപ്രതിനിധിയോടുള്ള അമർഷം ഇക്കുറി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കൈവിട്ടുപോയ ഡിവിഷൻ തിരിച്ചുപിടിക്കാനുള്ള ചിട്ടയായ പ്രവർത്തനങ്ങളിലാണ് എൽഡിഎഫ്. ജില്ലാ പഞ്ചായത്ത് ധാരാളം വികസന ജനക്ഷേമ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തിയെങ്കിലും അതൊന്നും ഡിവിഷനിൽ അത്രകണ്ട് പ്രതിഫലിക്കുന്നില്ല. ജനങ്ങൾക്കുവേണ്ടി ഏത് സമയത്തും പ്രവർത്തിക്കുന്ന ജനപ്രതിനിധിയെയാണ് നാടിനാവശ്യമെന്ന് കഴിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിൽ ദേലംപാടി ഇക്കുറി തീരുമാനിക്കും. മഹിളാ അസോസിയേഷൻ കാറഡുക്ക ഏരിയാ പ്രസിഡന്റും സിപിഐ എം പാണ്ടി ലോക്കൽ കമ്മിറ്റിയംഗവുമായ ഒ വത്സലയാണ് എൽഡിഎഫ് സ്ഥാനാർഥി. ഡിവിഷനിൽ ഉടനീളം സുപരിചിതയാണ് ഇവർ. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമാണ്. ----കെ പ്രേമയാണ് യുഡിഎഫ് സ്ഥാനാർഥി. ബേബി മണിയൂരാണ് ബിജെപി സ്ഥാനാർഥി.








0 comments