സലാം... നിങ്ങളല്ലാതെ മറ്റാര്?

കാഞ്ഞങ്ങാട്‌ മാണിക്കോത്ത്‌  ട്രെയിൻതട്ടി ചിതറിയ സ്‌ത്രീയുടെ മൃതശരീരം പെറുക്കിക്കൂട്ടുന്ന സലാം കേരള
വെബ് ഡെസ്ക്

Published on Nov 23, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌ നാമനിർദേശപത്രികയുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കായി എൽഡിഎഫ്‌ പ്രവർത്തകർ ഫോണിൽ നിരന്തരം വിളിക്കവേ മാണിക്കോത്ത്‌ റെയിൽവേ ട്രാക്കിൽ തലയും ഉടലും വേർപെട്ടുപോയ സ്‌ത്രീയുടെ മൃതശരീരം പെറുക്കിക്കൂട്ടുകയായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി സലാം കേരള. തലയറ്റ്‌ റെയിൽ പാളത്തിനരികിലും ഉടൽ മറ്റൊരിടത്തുമായായിരുന്നു മൃതദേഹം. ചിതറിത്തെറിച്ചുപോയ മൃതദേഹം പ്ലാസ്‌റ്റിക്‌ ഷീറ്റിൽ പൊതിയാൻ സുഹൃത്ത്‌ റഹ്‌മാനും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്‌ച പകൽ പതിനൊന്നോടെയാണ്‌ മാണിക്കോത്ത് റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീ ട്രെയിൻതട്ടി മരിച്ചതായി പരിസരവാസികൾ സലാമിനെ അറിയിച്ചത്‌. ഉടൻ പൊലീസിൽ അറിയിച്ച്‌ സംഭവസ്ഥലത്തേക്ക്‌ കുതിച്ചു. കാഞ്ഞങ്ങാട്‌ മാണിക്കോത്ത് വാടകയ്‌ക്ക്‌ താമസിക്കുന്ന തമിഴ്‌നാട്‌ ചിന്നച്ചേലം കള്ളകുറിച്ചി മാവട്ടത്തെ സംഗീത(45)യാണ്‌ മരിച്ചത്‌. കാഞ്ഞങ്ങാട്‌ നന്മമരം ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമാണ്‌ സലാം കേരള. സിവിൽ ഡിഫൻസ്‌ സേനാംഗമായ സലാമിന്‌ ഇത്തരം ദ‍ൗത്യങ്ങൾ ദിനചര്യയാണ്‌. പകൽ 12നായിരുന്നു സലാമിന്റെ പത്രികയുടെ സൂക്ഷ്‌മപരിശോധന. ഇൻക്വസ്‌റ്റിനിടെ ഫോണിൽ ഇടക്കിടെ വിളിയെത്തിയപ്പോൾ പൊലീസുകാരോട്‌ വിവരം പറഞ്ഞ്‌ സൂക്ഷ്‌മ പരിശോധന നടക്കുന്ന നഗരസഭാ ഓഫീസിലേക്ക്‌ പാഞ്ഞു. എത്തുന്പോൾ കൃത്യം 12 പിന്നിട്ടിരുന്നു. ഒന്നോടെ സൂക്ഷ്‌മ പരിശോധന പൂർത്തിയാക്കി നേരെ മോർച്ചറിയിലേക്ക്‌. പോസ്‌റ്റുമോർട്ടവും നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങി രാത്രിയോടെ പൊതുശ്‌മാനത്തിൽ സംസ്‌കരിച്ചതും സലാമിന്റെ നേതൃത്വത്തിൽ നന്മമരം പ്രവർത്തകരാണ്‌. കാഞ്ഞങ്ങാട്‌ നഗരസഭ 43–ാം വാർഡായ ഹൊസ്‌ദുർഗ്‌ കടപ്പുറത്തെ എൽഡിഎഫ്‌ സ്ഥാനാർഥിയാണ്‌ സലാം. തമിഴ്‌നാട്ടിൽ നിന്നുള്ള നാടോടി കുടുംബമാണ്‌ സംഗീതയുടേത്‌. ഭർത്താവ്‌ ശങ്കരനും അഞ്ചുപെൺമക്കളും കൂടെയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home