തൃശൂർ പൂരം: വെടിക്കെട്ടിന് ഇളവ് അനുവദിക്കാതെ കേന്ദ്രം

മുഹമ്മദ് ഹാഷിം
Published on Apr 11, 2025, 01:35 AM | 1 min read
തൃശൂർ : തൃശൂർപൂരം വെടിക്കെട്ടിനായി പെസോ നിയമ ഭേദഗതിയിൽ ഇളവ് അനുവദിക്കാതെ കേന്ദ്രസർക്കാർ. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വകുപ്പിലാണ് പെസോ. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ പ്രതിനിധികൾക്കൊപ്പം ഏപ്രിൽ ഒമ്പതിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നെങ്കിലും സാധ്യമായില്ല.
യോഗത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാറും പറഞ്ഞു. അനുമതി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. പൂരം കൊടിയേറുന്നത് 30നാണ്. മെയ് നാലിനാണ് സാമ്പിൾ വെടിക്കെട്ട്. ആറിനാണ് പൂരം. ഏഴിന് പുലർച്ചെയാണ് പ്രധാനവെടിക്കെട്ട്.
ഇളവ് ആവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നേരത്തെ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു.
വെടിക്കെട്ടുപുരയിൽ നിന്ന് 200 മീറ്റർ അകലെയാകണം വെടിക്കെട്ട് നടത്തേണ്ടത് എന്നതാണ് പുതിയ ഭേദഗതി. നേരത്തെ ഇത് 45 മീറ്ററായിരുന്നു. 100 മീറ്റർ അകലെനിന്ന് വെടിക്കെട്ട് കാണാമായിരുന്നു. പുതിയ നിയമപ്രകാരം വെടിക്കെട്ട് അസാധ്യമാകും. ഇളവിനായി സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തുന്നുണ്ട്. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ജില്ലയിലെ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത് അവലോകന യോഗവും ചേർന്നു.









0 comments