ഇനി രണ്ടുനാൾ തൃശൂർ പെരുമ; അറിയാം ചരിത്രവഴികൾ

തൃശൂര്‍: നവോത്ഥാന പോരാട്ടങ്ങളുടെയും മതനിരപേക്ഷതയുടെയും മണ്ണായ തൃശൂരിന്റെ ചരിത്രം തേടി രണ്ടുനാൾ. ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25–ാം വാർഷികം തൃശൂർ പെരുമ ശനിയും ഞായറും നടക്കും. നാടിന്റെ സംസ്‌കാരത്തിന്റെയും കലയുടെയും ആഘോഷത്തിന്റെയും സംവാദങ്ങളുടെയും രാപകലുകളാകും തൃശൂർ പെരുമ. കെട്ടുകാഴ്‌ചകൾക്കപ്പുറം തൃശൂരിന്റെ സമ്പന്നമായ പൈതൃകവും പോരാട്ടവീഥികളും ഇവിടെ അടയാളപ്പെടുത്തും. സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ചരിത്രവും വർത്തമാനവും ചർച്ച ചെയ്യും.
ശനിയാഴ്‌ച കേരളവർമ കോളേജിൽ ആഘോഷത്തിന് തുടക്കമാവും. രാവിലെ 9.30ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയാകും. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ സെമിനാർ കാഴ്ചപ്പാട് അവതരിപ്പിക്കും.
പകൽ 11ന് വികസനബദൽ: തൃശൂരിന്റെ സാധ്യതകൾ എന്ന വിഷയത്തിലുള്ള സിമ്പോസിയം മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും.
ഡോ. ജോയ് ഇളമൺ മുഖ്യ അവതരണം നടത്തും. പകൽ 2.30ന് മാധ്യമ നൈതികതയുടെ വർത്തമാനം എന്ന സിമ്പോസിയത്തിൽ എയ്‌ഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്‌ണൻ മുഖ്യ അവതരണം നടത്തും. വൈകിട്ട് സംഗീത നിശയുണ്ടാവും.
ഞായറാഴ്‌ച സെമിനാറുകൾക്കും സിമ്പോസിയങ്ങൾക്കും ശേഷം വൈകിട്ട് നാലിന് സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ അധ്യക്ഷനാകും. മന്ത്രിമാർ, എംപിമാർ തുടങ്ങി രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കൾ രണ്ടു ദിവസത്തെ പെരുമയിൽ പങ്കെടുക്കും. തൃശൂരിന്റെ വിവിധമേഖലകളെ സംബന്ധിക്കുന്ന 40 സെമിനാറുകളിൽ നാനൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സിമ്പോസിയങ്ങൾ, ചരിത്ര ഫോട്ടോ പ്രദർശനം ഭക്ഷ്യമേള, പുസ്‌തകോത്സവം, കലാ വിരുന്നുകൾ, മ്യൂസിക് ബാന്‍ഡ്, ഗസല്‍ എന്നിവയുമുണ്ടാകും. ആഘോഷത്തിന്റെ മുന്നോടിയായി വെള്ളി വൈകിട്ട് അഞ്ചോടെ സിഎംഎസ് സ്‌കൂൾ പരിസരത്തുനിന്ന് വാദ്യമേളങ്ങളോടെ ഘോഷയാത്ര ആരംഭിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു.
. ഘോഷയാത്രയ്‌ക്ക് മുന്നിൽ ഇൗഴാറമൂള്ളൽ വാദ്യം നിരന്നു. ഓലക്കുടകളുമായി സ്‌ത്രീകളും ചുവടുവച്ചു.
കൂറ്റൻ തെയ്യങ്ങളും മേളവും ഘോഷയാത്രയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി. തൃശൂർ പെരുമയുടെ സന്ദേശമോതുന്ന ബനിയൻ ധരിച്ചും പ്ലക്കാർഡുകളും കൊടിതോരണങ്ങളുമേന്തിയും നിരവധിപേർ അണിനിരന്നു. നഗരവീഥിയിൽ ജനങ്ങളാകെ വരവേറ്റ ഘോഷയാത്ര നടുവിലാലിൽ സമാപിച്ചു.









0 comments