വാഴൂർ സോമന് വിട; അന്ത്യാഭിവാദ്യം അർപ്പിച്ച് ആയിരങ്ങൾ

വണ്ടിപ്പെരിയാർ: തൊഴിലാളിവർഗ മുന്നേറ്റത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പീരുമേടിന്റെ ജനകീയ എംഎൽഎ വാഴൂർ സോമന് വിടചൊല്ലി നാട്. ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. പീരുമേട് എംഎൽഎയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമന്റെ മൃതദേഹം വണ്ടിപ്പെരിയാർ പാമ്പനാർ സ്‌മൃതിമണ്ഡപത്തിൽ സംസ്‌കരിച്ചു.
തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിലെ പൊതുദർശനത്തിനുശേഷം രാത്രി രണ്ടുമണിയോടുകൂടിയാണ് മൃതദേഹം പീരുമേട് വാളാർഡിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചത്. നാനാതുറകളിൽ നിന്നും നിരവധി പേരാണ് തങ്ങളുടെ നേതാവിനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്.
11ന് വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹാളിൽ പൊതുദർശനം നടന്നു. മൂന്നോടെ വിലാപയാത്രയായി പാമ്പനാറ്റിലെത്തി. ഒൗദ്യോഗിക ബഹുമതികളോടെ വൈകിട്ട് 4.45ന് എസ് കെ ആനന്ദൻ സ്മൃതിമണ്ഡപത്തിന് സമീപം സംസ്കാരം നടന്നു. തുടർന്ന് പാമ്പനാർ ടൗൺ ഹാളിൽ അനുശോചനയോഗവും ചേർന്നു.
സ്പീക്കർ എ എൻ ഷംസീർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ എം എം മണി, കെ യു ജനീഷ്‌കുമാർ, ആന്റണി ജോൺ, സി കെ ആശ, കെ ശാന്തകുമാരി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡീൻ കുര്യാക്കോസ് എംപി, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.









0 comments