കോൺഗ്രസിൽ നടക്കുന്നത് 'ഓപ്പറേഷൻ സുധാകരൻ'; നേതാക്കളുടെ തമ്മിലടി വര്‍ധിച്ചിരിക്കുകയാണ്: വെള്ളാപ്പള്ളി നടേശൻ

ചേർത്തല : പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തുമ്പോൾ കോൺഗ്രസിൽ ഓപ്പറേഷൻ സുധാകർ ആണ് നടക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേർത്തലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമോഹികളായ ചില നേതാക്കൾ സുധാകരനെ മാറ്റാൻ ശ്രമിക്കുന്നു. കോൺഗ്രസിൽ തമ്മിലടി മൂർച്ഛിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി നേതൃമാറ്റ ചർച്ചകളെത്തുടർന്ന് പരസ്യ വിവാാദം മുറുകുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം
തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ എന്തിനാണ് ഇങ്ങനെ ഒരു നേതൃമാറ്റം എന്നും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ട്. നേതൃത്വത്തിലുള്ളവർക്ക് കോമൺ സെൻസ് ഇല്ല. സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടത്. സുധാകരൻ മിടുക്കനായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. ഫോട്ടോ കണ്ടാൽ പോലും അറിയാത്ത മറ്റൊരാളുടെ പേരും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കേൾക്കുന്നുണ്ട്. ആരുടെ താല്പര്യത്തിനാണ് സുധാകരനെ മാറ്റുന്നതെന്നു പറയണം എന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
കെപിസിസിയിൽ നേതൃമാറ്റ ചർച്ചകൾ ഉയർന്നതോടെ വിവാദവും തമ്മിലടിയും രൂക്ഷമായിരുന്നു. ഫോട്ടോ കണ്ടാൽ അറിയാവുന്ന ആളായിരിക്കണം കെപിസിസി അധ്യക്ഷനാകേണ്ടതെന്നുപറഞ്ഞ് കെ മുരളീധരനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പലയിടത്തും ഡിസിസി ഓഫീസുകൾക്കുമുന്നിൽ പോസ്റ്റർ പതിച്ചും സുധാകരന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും പ്രതിഷേധങ്ങളും നടന്നിരുന്നു. മുതിർന്ന നേതാക്കൾ പക്വത കാണിക്കണമെന്നും അങ്കണവാടി തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് പരസ്യമായി പറഞ്ഞതോടെ കോൺഗ്രസിലെ പടലപ്പിണക്കം വ്യക്തമായി രംഗത്തുവന്നിരുന്നു.









0 comments