തൊടുപുഴ കൊലപാതകം: ജോമോന്റെ ഭാര്യയും അറസ്റ്റിൽ

തൊടുപുഴ: സാമ്പത്തിക തർക്കത്തെ തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോൻ ജോസഫിന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കലയന്താനി തേക്കുംകാട്ടിൽ സീന (45) ശനി പകൽ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടെന്ന സംശയത്തിൽ ചോദ്യംചെയ്യാൻ പൊലീസ് നോട്ടീസ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർ ഹാജരായിരുന്നില്ല. മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ ഒളിവിലായിരുന്നു. പൊലീസ് പറഞ്ഞു. ഇവർക്കെതിരെ മുന്നൊരുക്കത്തിന് സഹായം, തെളിവ് നശിപ്പിക്കൽ, കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവയ്‍ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുമെന്ന് സീനയ്‍ക്ക് അറിയാമായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും പൊലീസിന് ഒരു പെപ്പർ സ്‍പ്രേ ലഭിച്ചിരുന്നു. ഇത് ജോമോൻ ആവശ്യപ്പെട്ട പ്രകാരം സീനയാണ് മറ്റൊരാളിൽനിന്ന് വാങ്ങി നൽകിയത്. ബിജുവിനെ ജോമോന്റെ വീട്ടിലെത്തിച്ചപ്പോൾ മുറിയിൽ വീണ രക്തക്കറ കഴുകി കളഞ്ഞതും സീനയാണ്. ബിജുവിന്റെ കൈകൾ കെട്ടാൻ ഉപയോഗിച്ച ഷൂ ലെയ്‍സ്, തോർത്ത്, രക്തക്കറ കഴുകാൻ ഉപയോഗിച്ച മോപ്പ് എന്നിവ വീടിന് സമീപത്തെ പട്ടിക്കൂടിനടുത്ത് കുഴിച്ചിട്ടു.
ശനി വൈകിട്ട് സീനയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പൊലീസ് ഇവയെല്ലാം കണ്ടെടുത്തു. കേസിൽ അഞ്ചാം പ്രതിയാണ് സീന. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോകലും കൊലപാതക വിവരവും അറിയാമായിരുന്ന ജോമോന്റെ അടുത്ത ബന്ധുവായ എബിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം ആറായി. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ച ജേമോൻ, മുഹമ്മദ് അസ്‍ലം, ജോമിൻ കുര്യൻ എന്നിവരെ വീണ്ടും റിമാൻഡ് ചെയ്തു.









0 comments