തൊടുപുഴ ബിജു കൊലപാതകം: നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

തൊടുപുഴ: സാമ്പത്തിക ഇടപാടിനെ തുടർന്ന് ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ കേസിൽ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫ്(50) ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫ് (51), ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം ഇടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്‌ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25) എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ബിജുവിൻറെ ഭാര്യ മഞ്ജുവിൻറെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാൻഡിലുള്ള ആഷിഖ് ജോൺസന് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
ജോമോന്റെ കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം തള്ളിയത്. മണ്ണും കോൺക്രീറ്റും ഉപയോഗിച്ച് മൂടിയ കുഴിയിലെ മൃതദേഹം ശനിയാഴ്‍ച പകൽ പൊലീസ് കണ്ടെടുത്തു. കേസിൽ നേരിട്ട് ഇടപെട്ടിട്ടുള്ള കാപ്പാ കേസ് പ്രതിയായ ആഷിക് ജോൺസണെ (27) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്ന് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നില്ല. ജോമോനെ ആലുവയിൽനിന്നും മറ്റ് രണ്ടുപ്രതികളെ എറണാകുളത്തുനിന്നുമാണ് പിടികൂടിയത്. വ്യാഴം രാവിലെ മുതൽ ബിജുവിനെ കാണാതായിരുന്നു. രാവിലെ സ്‌കൂട്ടറിൽ വീട്ടിൽനിന്നും പോയ ബിജു തിരികെയെത്താത്തതിനെ തുടർന്ന് വെള്ളി പകൽ ഭാര്യ മഞ്ജു തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബിജുവും ജോമോനും ബിസിനസ് ഇടപാടുകൾ അവസാനിപ്പിച്ചപ്പോൾ അർഹമായ ഷെയർ ലഭിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സാന്നിധ്യത്തിലും ചർച്ച നടത്തിയിരുന്നു. എന്നാൽ ധാരണ ബിജു പാലിച്ചില്ലെന്നാണ് പ്രതിയുടെ ആരോപണം. വ്യാഴം രാവിലെ ആരോ നിലവിളിച്ച് വാനിൽ യാത്രചെയ്തതായി ബിജുവിന്റെ സമീപവാസികളും പൊലീസിൽ വിളിച്ചറിയിച്ചിരുന്നു. ഭാര്യ നൽകിയ പരാതിയിൽ സംശയിക്കുന്നവരുടെ കൂട്ടത്തിൽ ജോമോന്റെ പേരുമുണ്ടായിരുന്നു. ജോമോനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കാണാനായില്ല. ഇയാളുടെ സഹോദരനിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജോമോനെ ആലുവ റെയിൽവേ സ്‌റ്റേഷനിൽനിന്നും പിടികൂടി. ജോമോൻ നൽകിയ വിവരത്തെ തുടർന്ന് മറ്റ് പ്രതികളിലേക്കുമെത്തുകയായിരുന്നു.
ബിജുവിനെ കൊലപ്പെടുത്തി ഗോഡൗണിലെ മാൻഹോളിൽ തള്ളിയതായി ജോമോൻ സമ്മതിച്ചു. രണ്ടുതവണ ക്വട്ടേഷൻ നൽകിയെന്നും അതെല്ലാം പരാജയപ്പെട്ടെന്നും ജോമോന്റെ മൊഴിയിലുണ്ടെന്നാണ് സൂചന. ജോമോന്റെ ഡ്രൈവർകൂടിയായ ജോമിനിലൂടെയാണ് മൂന്നാം ക്വട്ടേഷൻ സംഘത്തിലേക്കെത്തുന്നത്. കാറിനുള്ളിൽ വച്ച് തലയിൽ മർദ്ദിച്ചു. ശബ്ദം പുറത്തുവരാതിരിക്കാൻ കഴുത്തിൽ ചവിട്ടിപ്പിടിച്ചു. ഇതോടെ ബിജു മരിക്കുകയായിരുന്നെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് മാലിന്യക്കുഴിയുടെ മാൻഹോളിൽ മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചത്. അഞ്ചടിയോളം താഴ്‍ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും അഗ്നിരക്ഷാസേനയും പൊലീസ് നിയോഗിച്ച നാലുപേരും ചേർന്ന് ഏറെ ശ്രമകരമായാണ് മൃതദേഹം പുറത്തെടുത്തത്.









0 comments