അറ്റുപോകില്ല ഈ 'കൈ' അടുപ്പം; ഇതാ മന്ത്രി പറഞ്ഞ കലഞ്ഞൂർകാരി


സി ജെ ഹരികുമാർ
Published on Jul 01, 2025, 02:12 PM | 1 min read
പത്തനംതിട്ട: ഈ കൈകൾ എന്നും സർക്കാരിനും സർക്കാർ ആരോഗ്യ സംവിധാനത്തിനുമൊപ്പമാണ്. ആരോഗ്യമന്ത്രി വീണാ ജോർജും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ജീവനക്കാരുമില്ലെങ്കിൽ എന്റെ കൈകൾ ഇന്ന് ഉണ്ടാകില്ലായിരുന്നു. ഇന്ന് ഈ കൈകൾ കൊണ്ട് ഞാൻ ജീവിക്കുന്നു, എന്റെ മോനെ സംരക്ഷിക്കുന്നു. പറയുന്നത് ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞ കലഞ്ഞൂർകാരി വിദ്യ. സർക്കാർ ആശുപത്രികളെ അടച്ചാക്ഷേപിക്കാനും സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ കരിവാരിതേക്കാനുമുള്ള ശ്രമത്തിനെതിരെയാണ് വിദ്യ പ്രതികരിച്ചത്.
ഞായറാഴ്‌ച വീണാ ജോർജ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ വെട്ടേറ്റ് കൈമുറിഞ്ഞ് പോയ കലഞ്ഞൂർ സ്വദേശി പെൺകുട്ടിയുടെ കാര്യം പറഞ്ഞിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് അറ്റുപോയ കൈയും കൈപ്പത്തിയും തുന്നിപ്പിടിപ്പിച്ചത്. മന്ത്രിയുടെ പരാമർശത്തിന് നന്ദി അറിയിക്കുകയും ഇതുപോലുള്ള മന്ത്രിയും സർക്കാർ സംവിധാനവും കേരളത്തിൽ തുടരണമെന്നും വിദ്യ പറഞ്ഞു.
2022 സെപ്‌തംബർ 17ന് രാത്രിയാണ് കലഞ്ഞൂർ സ്വദേശി എസ് വിദ്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചത്. ഇടതുകൈയും വലത് കൈപ്പത്തിയും അക്രമത്തിൽ മുറിഞ്ഞുവീണു. അച്ഛനെയും വെട്ടിവീഴ്‌ത്തി.ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ വിദ്യയേയും അച്ഛനേയും എത്തിച്ചെങ്കിലും പത്ത് ലക്ഷം രൂപയാണ് പ്രാഥമിക ചികത്സയ്‌ക്ക് മാത്രം ചെലവായി പറഞ്ഞത്. കൈ തുന്നിപ്പിടിപ്പിക്കാനാവില്ലെന്നും പറഞ്ഞു. സംഭവമറിഞ്ഞ മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ സജ്ജീകരണവുമൊരുക്കി. വിദഗ്‌ധ ഡോക്ടർമാരടങ്ങുന്ന സംഘം വിദ്യയുടെ അറ്റുപോയ കൈയും കൈപ്പത്തിയും തുന്നിപ്പിടിപ്പിച്ചു.
58 ദിവസത്തെ ആശുപത്രി വാസത്തിനിടെ പലതവണ മന്ത്രി തന്നെ കാണാനെത്തി വിദ്യ ഓർക്കുന്നു. നാല് ശസ്‌ത്രക്രിയകളാണ് ആശുപത്രിയിൽ ചെയ്‌തത്. ആദ്യ ശസ്‌ത്രക്രിയ എട്ടര മണിക്കൂർ സമയമെടുത്തു. ഡിവൈഎഫ്‌ഐക്കാർ എഴ് കുപ്പി രക്‌തം നൽകി സഹായിച്ചു. മന്ത്രി ഇടപെട്ടിട്ടല്ലേ ചികിത്സിച്ചത് എന്ന് പറയുന്നവരോട് വിദ്യ ചോദിക്കും ആശുപത്രിയിൽ സംവിധാനം ഉണ്ടായിട്ടല്ലേ, ചികിത്സിക്കാനായത്. എന്റെ ജീവിതത്തിന്റെ നഷ്‌ടപ്പെട്ട പ്രതീക്ഷയാണ് അന്നവിടെ തുന്നിച്ചേർത്തത്. ഈ കൈകൾക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. വനിത വികസന കോർപ്പറേഷനിൽ താൽക്കാലിക ജീവനക്കാരിയാണ് വിദ്യ.









0 comments