തിരുവോണം ബംബർ ; കേന്ദ്രം ജിഎസ്‌ടിയിൽ ഉൗറ്റിയത് 82.5 കോടി

വേണു കെ ആലത്തൂർ
Published on Oct 04, 2025, 12:16 AM | 1 min read
പാലക്കാട്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ വിൽപ്പനയിലും നികുതിയൂറ്റി കേന്ദ്രസർക്കാർ. ഓണം ബംബറിൽനിന്ന് മാത്രം കേന്ദ്ര സർക്കാരിന് ജിഎസ്‌ടിയിനത്തിൽ കിട്ടിയത് 82.5 കോടി രൂപ. ഒരു ടിക്കറ്റിൽ 109.38 രൂപയാണ് കേന്ദ്ര ജിഎസ്‌ടി. സമ്മാന തുകയുടെ 30 ശതമാനം ആദായനികുതിയും കേന്ദ്രം ഇൗടാക്കും. ഇത് സംസ്ഥാന സർക്കാരുമായി പങ്കുവയ്‌ക്കേണ്ട.
ഒരു ടിക്കറ്റ് വിറ്റാൽ സംസ്ഥാന സർക്കാരിന് ലഭിക്കുക 302 രൂപയാണ്. 500 രൂപയുടെ 75 ലക്ഷം ടിക്കറ്റുകൾ സംസ്ഥാന വ്യാപകമായി വിറ്റു. ഇതിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് ആകെ 226.5 കോടി രൂപയാണ്. ഇതിൽനിന്ന് സമ്മാനത്തുകയുൾപ്പെടെ നൽകണം. പുറമെ ക്ഷേമനിധിബോർഡ്, കാരുണ്യ ചികിത്സാ പദ്ധതി, പരസ്യം, പ്രചാരണം എന്നിവയ്‌ക്കും തുക കണ്ടെത്തണം. ഏജന്റുമാർക്ക് ഡിസ്‌കൗണ്ട് 88 രൂപ നൽകുന്നുണ്ട്.
ഓണം ബംബർ ടിക്കറ്റിൽ മാത്രം ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമായി 6.60 കോടി രൂപ ഡിസ്‌കൗണ്ട് നൽകി. ഒന്നാം സമ്മാനം 25 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ഓരോ പരന്പരയിലും രണ്ട് സമ്മാനം വീതം നൽകും. നാലാം സമ്മാനം പത്ത് പരന്പരകളിൽ അഞ്ച് ലക്ഷം വീതവുമുണ്ട്.
രണ്ട് ലക്ഷം കുടുംബങ്ങളാണ് ലോട്ടറിവിറ്റ് കേരളത്തിൽ ഉപജീവനം നടത്തുന്നത്. ഒക്‌ടോബർ ഒന്നുമുതൽ ലോട്ടറിയുടെ ജിഎസ്‌ടി 28ൽനിന്ന് 40 ശതമാനമാക്കി കേന്ദ്ര സർക്കാർ ഉയർത്തി. ഇതോടെ ഏജന്റുമാർക്കുള്ള സമ്മാന കമീഷൻ 12ൽനിന്ന് ഒന്പത് ശതമാനമായി കുറയും. ഇത് ഏജന്റുമാർക്ക് പ്രതിസന്ധിയാകും.









0 comments