മലക്കംമറിഞ്ഞ് സണ്ണി ജോസഫ്
കെപിസിസി ചതിച്ചു ; തിരുവഞ്ചൂരിന്റെ സംഭാഷണം പുറത്ത്

വി ജെ വർഗീസ്
Published on Sep 15, 2025, 02:51 AM | 2 min read
കൽപ്പറ്റ
നേതാക്കളുടെ നിയമനക്കോഴയുടെ ബാധ്യതയിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തോട് കോൺഗ്രസിന്റെ ചതി വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ സംഭാഷണം. കെപിസിസിയുടെ വഞ്ചനയാണ് തിരുവഞ്ചൂർ സംഭാഷണത്തിൽ തുറന്നുസമ്മതിച്ചത്. എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച കെപിസിസി ഉപസമിതിയുടെ അധ്യക്ഷനാണ് തിരുവഞ്ചൂർ.
കുടുംബവുമായുണ്ടാക്കിയ കരാർ കെപിസിസി പാലിക്കാത്തതിനാൽ വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതോടെയാണ് തിരുവഞ്ചൂരിന്റെ സംഭാഷണം കുടുംബം പുറത്തുവിട്ടത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റേതുൾപ്പെടെയുള്ള നേതാക്കളുടെ കള്ളക്കളിയാണ് ഇതിലൂടെ മറനീങ്ങിയത്. ഇതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. സണ്ണി ജോസഫിനെ തള്ളി, കുടുംബവുമായി കരാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമ്മതിച്ചു.
‘സെറ്റിൽമെന്റ് കറക്‌റ്റായിട്ട് പാലിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്. അല്ലാതെ ചതിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല. പറഞ്ഞ വാക്കിന് വിലയുണ്ടാകണം. കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കണം. വാക്കുംപറഞ്ഞ് ചിരിച്ചിട്ട് പോയവർക്ക് അതുകൊടുക്കാൻ ബാധ്യതയുണ്ട്. ഇരുചെവിയറിയാതെ പ്രശ്‌നം അന്നേ തീർക്കേണ്ടതായിരുന്നു. പാർടി തകരാതിരിക്കട്ടെ എന്നുവിചാരിച്ചാണ് ഉപസമിതിയുടെ ഭാഗമായി വീട്ടിൽ വന്നതും സംസാരിച്ചതും’ –വിജയന്റെ മരുമകൾ പത്മജയോടും ബന്ധുവിനോടുമുള്ള സംഭാഷണത്തിനിടെ തിരുവഞ്ചൂർ പറയുന്നു.
വിജയനും മകനും ജീവനൊടുക്കിയപ്പോൾ അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആദ്യം കുടുംബത്തെ അധിക്ഷേപിച്ചു. പ്രതിഷേധം കനത്തതോടെ നിലപാട് മാറ്റി. ഇപ്പോൾ നേതാക്കൾ വീണ്ടും അധിക്ഷേപം ചൊരിയുകയാണ്. ഉപസമിതിയുമായുണ്ടാക്കിയ കരാർ നടപ്പാക്കാൻ ടി സിദ്ദിഖിനെയും എ പി അനിൽകുമാറിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കരാറിന്റെ രേഖ സിദ്ദിഖ് മുക്കി. സിദ്ദിഖ് പറഞ്ഞ ഒരുകാര്യവും നടന്നിട്ടില്ലെന്നും എന്തുകൊണ്ടാണ് കരാറിന്റെ കോപ്പി എടുക്കാതിരുന്നതെന്നും പത്മജയുമായുള്ള സംസാരത്തിൽ തിരുവഞ്ചൂർ ചോദിക്കുന്നുണ്ട്. കരാർ ഇല്ലെന്ന പ്രസിഡന്റിന്റെ നിലപാട് സിദ്ദിഖും തള്ളിയിരുന്നു. കരാർ നേതൃത്വത്തിന്റെ കൈവശമാണെന്നാണ് സിദ്ദിഖ് പറഞ്ഞത്.
വിജയന്റെ മകൻ വിജേഷ് ആശുപത്രിയിൽ ചികിത്സയിലായപ്പോൾ ബില്ലടയ്‌ക്കാനുള്ള പണം കരാർ പ്രകാരമുള്ള തുകയിൽനിന്ന് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചപ്പോഴാണ് പത്മജയും ബന്ധുവും തിരുവഞ്ചൂരിനെ കണ്ടത്. ആത്മഹത്യക്ക് ശ്രമിച്ച പത്മജ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കെപിസിസി നീതികാട്ടിയോയെന്ന് പറയാനില്ല
കോട്ടയം
എൻ എം വിജയന്റെ കുടുംബത്തോട് കെപിസിസി നീതി പുലർത്തിയോ എന്ന് പറയാനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. പത്മജ കോട്ടയത്തുവന്ന് കണ്ടിരുന്നു. അവരുടെ പ്രയാസവും ദുഃഖവും അറിയിച്ചു. ഞാൻ വിജയന്റെ വീട്ടിൽപോയി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അന്വേഷണ റിപ്പോർട്ട് കെപിസിസിക്കും നേതാക്കൾക്കും നൽകി. അതിലെ നിർദേശങ്ങൾ ഭാഗികമായെങ്കിലും നടപ്പാക്കിയിരിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടിലുള്ളത് രഹസ്യ വിവരങ്ങളാണ്. പുറത്ത് പറയേണ്ടത് നേതാക്കളാണ്, ഞാനല്ല.
റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കിയിരുന്നുവെങ്കിൽ വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യത്തിൽ ദുഃഖമുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. സിദ്ദിഖിനെ വിശ്വസിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
മലക്കംമറിഞ്ഞ് സണ്ണി ജോസഫ്
കൽപ്പറ്റ
കെപിസിസി പ്രസിഡന്റായപ്പോൾ, എൻ എം വിജയന്റെ കുടുംബവുമായുള്ള കരാറിൽ സണ്ണി ജോസഫിന്റെ മലക്കംമറിയൽ. വിജയനും മകനും ജീവനൊടുക്കിയ സംഭവം അന്വേഷിച്ച കെപിസിസി ഉപസമിതി അംഗമായിരുന്നു സണ്ണി ജോസഫ്. തിരുവഞ്ചൂരിന്റെ നേതൃത്വത്തിലാണ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള സംഘം വിജയന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചത്. പിന്നീട് മകൻ വിജേഷിനെയും മരുമകൾ പത്മജയെയും സണ്ണി ജോസഫ് ഇരിട്ടിയിലെ ഓഫീസിലേക്ക് വിളിപ്പിച്ചു. രണ്ടരക്കോടി രൂപ ബാധ്യതയുടെ കണക്കുകൾ ഇവർ സണ്ണിക്ക് കൈമാറി. ‘ഭയക്കേണ്ടെന്നും വിജയന്റെ കടം പാർടി ഏറ്റെടുക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും’ പറഞ്ഞതായി പത്മജ പറഞ്ഞു. പിന്നീടാണ് കരാർ ഉണ്ടാക്കിയത്. ഇതെല്ലാം മറച്ചുവച്ചാണ് എൻ എം വിജയന്റെ കുടുംബവുമായി കരാറില്ലെന്നും എല്ലാ ആവശ്യവും നിറവേറ്റാനാവില്ലെന്നും സണ്ണി ജോസഫ് നിലപാടെടുത്തത്.









0 comments