തിരുവനന്തപുരം മൃഗശാലയില്‍ മുതലക്കുഞ്ഞുങ്ങള്‍ പിറന്നു

തിരുവനന്തപുരം
മൃഗശാലയിലെ ചതുപ്പുമുതലകൾക്ക് രണ്ട് കുഞ്ഞുങ്ങൾ പിറന്നു. ബുധനാഴ്ചയാണ് 12 മുട്ടകളിൽ രണ്ടെണ്ണം വിരിഞ്ഞത്. ഫെബ്രുവരി 26നാണ് മുതല മുട്ടയിട്ടത്. മണലിൽ കുഴികളെടുത്ത് മുട്ടയിടുന്ന ഇവ അടയിരിക്കാറില്ല. ജീവിക്കുന്ന ജലാശയത്തിന്റെ തീരത്ത് മുട്ടകൾ നിക്ഷേപിച്ച് മടങ്ങും. സ്വാഭാവികമായ അന്തരീക്ഷ ഊഷ്മാവും ആർദ്രതയും കൊണ്ടാണ് മുട്ടകൾ വിരിയുക. കുഞ്ഞുങ്ങളെ മൃഗശാല വെറ്ററിനറി സർജൻ നികേഷ് കിരൺ പരിശോധിച്ച് പ്രത്യേകം തയ്യാറാക്കിയ കുളത്തിൽവിട്ടു. കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. വിരിഞ്ഞിറങ്ങി ആദ്യത്തെ രണ്ടാഴ്ചയോളം മുട്ടയിലായിരിക്കുമ്പോൾ ലഭിച്ചിട്ടുള്ള പോഷകങ്ങ(യോക്ക്)ളാലാണ് ഇവ ജീവിക്കുന്നത്. തുടർന്ന് ചെറുമീനുകളെ ഭക്ഷണമായി നൽകി തുടങ്ങും.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ്-ലിസ്റ്റിൽ ഉൾപ്പെടുത്തിയ ജീവിയാണ് മാർഷ് മഗർ. അന്തരീക്ഷ താപനിലയും ആർദ്രതയും (ടെംപറേച്ചർ ഡിപ്പഡെന്റ് സെക്സ് ഡിറ്റർമിനേഷൻ) അനുസരിച്ചാണ് ഇവയുടെ ലിംഗം നിശ്ചയിക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മുട്ടയിട്ട് ഏപ്രിൽ, മെയ് മാസങ്ങളിലാണ് വിരിയുന്നത്. നിലവിലെ കാലാവസ്ഥാ വ്യതിയാനത്താൽ ഇവയുടെ ലിംഗാനുപാതം കുറയുന്നുണ്ട്. കർണാടകത്തിലെ ഷിമോഗ മൃഗശാലയിൽനിന്ന് നവംബറിലാണ് ഒരു ജോഡി ചതുപ്പുമുതലകളെ (മാർഷ് മഗർ) എത്തിച്ചത്. ഇവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടായത് നേട്ടമായി കരുതുന്നതായി മ്യൂസിയം ആൻഡ് സൂ ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു.









0 comments