ടെക്‌നോപാർക്ക്‌ മുപ്പത്തിയഞ്ചാം വയസ്സിലേക്ക്‌ ; 6 കെട്ടിടം പൂർത്തിയാകുന്നു , 10,000 പുതിയ തൊഴിലവസരം

thiruvananthapuram technopark
വെബ് ഡെസ്ക്

Published on Jul 18, 2025, 03:16 AM | 1 min read


തിരുവനന്തപുരം

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആറ്‌ പുതിയ കെട്ടിടങ്ങൾകൂടി പൂർത്തിയാകുന്നു. ഇതോടെ പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. ഈ മാസം പൂർത്തിയാകുന്ന കൊമേഷ്യൽ കം ഐടി കെട്ടിടം 50,000 ചതുരശ്രയടിയിലാണ്‌. ആഗസ്‌തിൽ 1.85 ലക്ഷം ചതുരശ്രടിയുള്ള ബ്രിഗേഡ് സ്‌ക്വയർ പൂർത്തിയാകും. 8000 ചതുരശ്രയടിയിൽ ഭവാനി റൂഫ് ടോപ്പ്, 22,000 ചതുരശ്രയടിയിൽ നിള റൂഫ് ടോപ്പ്, 50,000 ചതുരശ്രയടിയിൽ പ്രീഫാബ് കെട്ടിടം, അഞ്ചു ലക്ഷം ചതുശ്രയടിയിൽ ടിസിഎസിന്റെ ഐടി, ഐടിഇഎസ് ക്യാമ്പസ് എന്നിവ തുടർന്നുള്ള മാസങ്ങളിൽ പൂർത്തിയാകും.


എംബസി ടോറസുമായി സഹകരിച്ചുള്ള ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം, ബ്രിഗേഡ് എന്റർപ്രൈസസുമായി ചേർന്ന് ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്റർ, ടെക്നോപാർക്കിന്റെ സ്വന്തം ടൗൺഷിപ്പ് പദ്ധതിയായ ക്വാഡ് തുടങ്ങിയ വൻകിട ടൗൺഷിപ്പുകളും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഐടി, ഐടിഇഎസ് ഇടങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ സ്ഥാപനങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് വാക്ക് ടു വർക്ക് മോഡലാണ് വിഭാവനം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലുള്ള ലിവ്- വർക്ക്- പ്ലേ സമീപനമാണ് ആവിഷ്‌കരിക്കുന്നത്. യാത്രാദൂരം കുറയ്‌ക്കുക, ഒരേ പരിസരത്ത് താമസം, ജോലി, ഒഴിവുസമയ ആവശ്യങ്ങൾ എന്നിവയും യാഥാർഥ്യമാക്കും. ടെക്നോപാർക്ക് ഫേസ് ഒന്ന്‌, മൂന്ന്‌, നാല്‌ (ടെക്നോസിറ്റി) എന്നിവിടങ്ങളിലാണ്‌ ഈ മെഗാപദ്ധതികൾ.


1990 ജൂലൈ 28ന് ശിലയിട്ട ടെക്‌നോപാർക്ക്‌ 35–-ാം വയസ്സിലേക്ക്‌ കടക്കുമ്പോഴാണ്‌ വൻകിട പദ്ധതികൾ യാഥാർഥ്യമാകുന്നത്‌. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ്‌ ഐടി വകുപ്പ്‌ സംഘടിപ്പിക്കുന്നത്‌. 28ന് ആരംഭിച്ച്‌ ‘ടെക് എ ബ്രേക്ക്' മെഗാ സാംസ്‌കാരിക പരിപാടിയോടെ അടുത്ത ജൂലൈയിൽ അവസാനിക്കും.


ടെക്നോപാർക്കിൽ നിലവിൽ അഞ്ചു ഫെയ്സുകളിലായി അഞ്ഞൂറിലധികം കമ്പനികളുണ്ട്. 80,000 ഐടി പ്രൊഫഷണലുകൾ തൊഴിലെടുക്കുന്നു. കഴിഞ്ഞ നാലു വർഷമായി ക്രിസിൽ എ പ്ലസ്‌ സ്റ്റേബിൾ റേറ്റിങ്‌ നിലനിർത്തി മികച്ച സാമ്പത്തിക പ്രകടനമാണ്‌ ടെക്നോപാർക്ക് കാഴ്‌ചവയ്‌ക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home