കൂട്ടക്കൊല കുടുംബത്തെ രക്ഷിക്കാനെന്ന് അഫാൻ

തിരുവനന്തപുരം: കടക്കെണിയിൽനിന്ന് കുടുംബത്തെ രക്ഷിക്കാനാണ് കുടുംബാംഗങ്ങളെ എല്ലാവരെയും കൊലപ്പെടുത്തിയതെന്ന് അഫാന്റെ മൊഴി. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ കുടുംബം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ മരണം ഉറപ്പാക്കാനാണ് മാതാവിനെയും അനിയനെയും ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതെന്നുമാണ് മൊഴി. "ഞാൻ കൊല്ലാമെന്ന് മാതാവിനോട് പറഞ്ഞു. തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. മരിക്കാത്തതിനെ തുടർന്ന് വെഞ്ഞാറമൂട് എത്തി ചുറ്റിക വാങ്ങി വന്ന് തലയ്ക്കടിച്ചു. തുടർന്ന് പാങ്ങോട് എത്തിയാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയതെന്നും' അഫാൻ പൊലീസിനോട് പറഞ്ഞു.
അച്ഛന്റെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ലെന്നും മൊഴിയിലുണ്ട്. സ്വത്ത് ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. അഫാന്റെ കാര്യങ്ങളിൽ ലത്തീഫ് ഇടപെടാൻ ശ്രമിച്ചതും വൈരാഗ്യം കൂട്ടി. താൻ സ്നേഹിച്ച പെൺകുട്ടി ഒറ്റയ്ക്ക് ആകേണ്ടെന്ന് കരുതിയാണ് അവളെയും വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. കൊലപാതകത്തിനുശേഷം മരിക്കാൻ വേണ്ടിയാണ് മദ്യത്തിൽ കലർത്തി എലിവിഷം കഴിച്ചതെന്നും പിന്നീടാണ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയാൻ തോന്നിയതെന്നും അഫാൻ പറഞ്ഞു.
എന്നാൽ, അഫാന്റെ മൊഴി പൂർണമായും വിശ്വാസ്യയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷെമിക്ക് വീട്ടിൽ നടന്ന കാര്യങ്ങളൊന്നും അറിയില്ലെന്നാണ് സൂചന. ബോധം തെളിഞ്ഞപ്പോൾ ഇളയ മകൻ അഫ്‌സാനെ കാണണമെന്നാണ് അവർ ബന്ധുക്കളോടു പറഞ്ഞത്.
കടം നൽകിയവരുടെ വിവരം തേടുന്നു
കൂട്ടക്കൊലയിലെ പ്രധാന കാരണം സാമ്പത്തിക ബാധ്യതയെന്ന നിഗമനത്തെതുടർന്ന് അഫാന്റെ (23) കുടുംബത്തിന് കടംനൽകിയവരുടെ വിവരം പൊലീസ് തേടുകയാണ്. അഫാൻ പറഞ്ഞ ആൾക്കാരുടെ പേരിന് പുറമെ, മറ്റാരെങ്കിലും ഉണ്ടോ എന്നറിയാനും ആകെ എത്ര രൂപ കടമുണ്ടെന്നും കണ്ടത്താനാണ് ശ്രമം. സൽമാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയിൽ 40,000 രൂപ സ്വന്തം അക്കൗണ്ടു വഴി അഫാൻ കടക്കാർക്കു നൽകിയിട്ടുണ്ട്. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജൻ അഫ്സാനെ കൊലപ്പെടുത്തിയശേഷം, കൈയിൽ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറി.
60 ലക്ഷത്തിനു മേൽ പ്രതി അഫാന്റെ കുടുംബത്തിന് കടമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ അഫാൻ, അഫാന്റെ അമ്മ ഷെമി എന്നിവരുടെ ബാങ്ക് രേഖകൾ പൊലീസ് ശേഖരിച്ചു. വ്യാഴാഴ്ച ഇവർക്ക് അക്കൗണ്ടുകളുള്ള ബാങ്കിലെത്തി അധിക വിവരങ്ങൾ പൊലീസ് ശേഖരിക്കും. തിങ്കൾ സന്ധ്യയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്.








0 comments