'അഫാൻ പ്രത്യേക സ്വഭാവക്കാരൻ'

വെഞ്ഞാറമൂട്: നാട്ടിൽ അധികം ആരോടും മിണ്ടാറില്ലെങ്കിലും വീട്ടിൽ എല്ലാത്തിനും വാശികാണിക്കുന്ന സ്വഭാവക്കാരനാണ് അഫാനെന്ന് പൊലീസ് പറയുന്നു. എട്ട് വർഷം മുമ്പ് തന്നെ അച്ഛനമ്മമാർ സ്നേഹിക്കുന്നില്ലെന്ന് ആരോപിച്ച് അഫാൻ വീട്ടിൽവച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിനുശേഷം വീട്ടുകാർ അഫാന് ചോദിക്കുന്നതെന്തും വാങ്ങി നൽകിയിരുന്നെന്ന് ബന്ധുക്കളും പറയുന്നു. അഫാൻ പറഞ്ഞത് അനുസരിച്ചാണ് വീട്ടിൽ വർഷങ്ങൾക്കു മുമ്പ് കാർ വാങ്ങുന്നത്.
പുതിയ മൊബൈൽ ഫോണുകളോടും ബൈക്കുകളോടുമായിരുന്നു കമ്പം. കോവിഡിന് മുമ്പുവരെ അച്ഛൻ അബ്ദുറഹീമിന്റെ ബിസിനസ് നല്ല നിലയിലാണ് നടന്നുപോയത്. ആ സമയത്തൊക്കെ ആഡംബര ജീവിതമായിരുന്നു അഫാന്റേത്. കുടുംബത്തിന് കടബാധ്യതയായതോടെ എല്ലാം തകിടം മറിഞ്ഞു. അമ്മയ്‌ക്ക് അർബുദംകൂടി ബാധിച്ചതോടെ അഫാൻ കടുത്ത സമ്മർദത്തിലായിരുന്നെന്നുമാണ് വിവരം. ഏഴുവർഷമായി നാട്ടിൽ വരാൻപോലും കഴിയാത്ത സാമ്പത്തിക ബാധ്യaത അബ്ദുറഹീമിനുണ്ടായി. പ്രതിമാസം പണംപോലും അയക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ എല്ലാം താളംതെറ്റി. പണയം വച്ചും ബന്ധുക്കളിൽനിന്ന് കടംവാങ്ങിയുമാണ് കുടുംബം മുന്നോട്ട് പോയത്.
ഇതിനിടയ്ക്ക് അഫാന്റെ ബുള്ളറ്റും കാറും വിറ്റിരുന്നതായും വിവരമുണ്ട്. അതിനുശേഷം പുതിയ ബൈക്ക് വാങ്ങി. പാണാവൂരിലെ കോളേജിൽ ബികോം പാതിവഴിയിൽ നിർത്തിയ അഫാന് സുഹൃത്തുക്കളും കുറവാണ്. അമ്മ ഷെമിയുടെ നാടായ പേരുമലയിൽ സ്ഥലം വാങ്ങി 10 വർഷം മുമ്പാണ് കുടുംബം വീട് വച്ചത്. കൊലപാതകങ്ങൾക്കിടയിലും പിതൃമാതാവിന്റെ മാല പണയം വച്ച് കിട്ടിയ തുകയിൽനിന്ന് 40,000 രൂപ കടം വീട്ടാനാണ് അഫാൻ ഉപയോഗിച്ചതെന്നാണ് വിവരം. ഇവരുടെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അഫാന്റെ മൊഴിയെടുത്ത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
സാമ്പത്തിക ബാധ്യത ഫർസാനയോടും പറഞ്ഞു
തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ കാര്യം സുഹൃത്തായ ഫർസാനയോടും അഫാൻ പറഞ്ഞിരുന്നു. ഇക്കാര്യം ഫർസാന അമ്മയോട് പറഞ്ഞിരുന്നു.അഫാനുമായി പ്രണയത്തിലാണെന്ന കാര്യം ഫർസാനയുടെ അച്ഛന് മാത്രം അറിവുണ്ടായിരുന്നില്ല. നല്ലൊരു ജോലി ലഭിച്ചശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാം എന്ന നിലപാടിലായിരുന്നു ഫർസാനയുമെന്നാണ് സൂചന. ഫർസാനയുടെ ഒരു മാലയും അഫാൻ പണയം വച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയാതിരിക്കാൻ സ്വർണം പൂശിയ മറ്റൊരു മാല ഫർസാനയ്ക്ക് അഫാൻ വാങ്ങി നൽകിയിരുന്നു.
നിർണായകമാകുന്നത് ശാസ്ത്രീയത്തെളിവുകൾ
പ്രതി അഫാന്റെയും ഷെമിയുടെയും ഫോണിലെയും ടാബിലെയും വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസ് ശ്രമം തുടങ്ങി. ചുറ്റിക ഉപയോഗിച്ച് തലയോട്ടി അടിച്ചുതകർത്തുള്ള ആസൂത്രിത കൊലപാതകങ്ങൾ ഇന്റർനെറ്റിലൂടെ മനസ്സിലാക്കിയതാണോയെന്നും അറിയേണ്ടതുണ്ട്. ഇന്റർനെറ്റിലെ സെർച്ച് വിവരങ്ങൾ നൽകാൻ ഗൂഗിളിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് ലഭ്യമാകും. അഫാന്റെ ഫോണിൽനിന്ന് സംശയാസ്പദമായി മറ്റാരെയും വിളിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.








0 comments