വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ; രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടതായി അഫാൻ

തിരുവനന്തപുരം : രണ്ടു പേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ സഹോദരൻ അഫ്സാനെ കൊന്നതോടെ മാനസികമായി തളർന്നുപോയെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ധനോടാണ് വെളിപ്പെടുത്തൽ. തട്ടത്തുമലയിൽ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊലപ്പെടുത്താൻ ഉദ്ദേശിച്ചത്.
പണം പലിശയ്‌ക്ക് നൽകിയിട്ട് ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ നൽകിയിട്ട് 10 ലക്ഷത്തോളം രൂപ ഇവർ തിരികെ വാങ്ങി. പിന്നെയും നിരന്തരം പണം ആവശ്യപ്പെട്ടു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും അഫാൻ പറയുന്നു. പിതൃമാതാവ് സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷഹീദ, സുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി മറ്റ് രണ്ട് പേരെക്കൂടി വകവരുത്താനാണ് പദ്ധതിയിട്ടത്. തങ്ങളുടെ കുടുംബത്തെ സഹായിക്കാത്ത മറ്റൊരു അമ്മാവനോടും പക തോന്നിയെന്നും അയാൾക്ക് ചെറിയ കുട്ടികളുള്ളതുകൊണ്ട് ഒഴിവാക്കുകയായിരുന്നെന്നും അഫാൻ പറഞ്ഞു.
അഫാനെ തിങ്കളാഴ്ച മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ചെയ്തേക്കും. അന്നുതന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. അഫാന്റെ പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലാണ് അഫാൻ. മറ്റ് കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്തും. ആശുപത്രി സെല്ലിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതോടെ ജയിലിലേക്ക് മാറ്റും. കസ്റ്റഡിയിൽ ലഭിച്ചാലുടൻ കൊല നടന്ന വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
സാമ്പത്തിക ബാധ്യതയ്ക്ക് കാരണം ചിട്ടി ഇടപാടും; കുടുംബാംഗങ്ങൾ തമ്മിലും തർക്കം
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ കസ്റ്റഡിയിലെടുക്കുന്നതോടെ കേസിന്റെ ചുരുളഴിയുമെന്ന് പ്രതീക്ഷ. മെഡിക്കൽ കോളേജ് സെല്ലിൽ കഴിയുന്ന അഫാൻ പലപ്പോഴായി പൊലീസിനോട് സംസാരിക്കുന്നുണ്ടെങ്കിലും മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഷെമിയുടെ ചിട്ടി ഇടപാടും അഫാന്റെ ആഡംബര ജീവിതവും സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നാണ് പ്രാഥമിക വിവരം.
ലത്തീഫിന്റെ ഭാര്യ സാജിതയ്ക്ക് ചിട്ടി കിട്ടിയെങ്കിലും പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായിരുന്നു. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ബന്ധുക്കളുൾപ്പെടെ 14 പേരിൽനിന്ന് 65 ലക്ഷം രൂപയാണ് അഫാനും അമ്മ ഷെമിയും കടം വാങ്ങിയത്. ചില ബന്ധുക്കൾ വാങ്ങിയ പണം ഷെമിക്ക് തിരിച്ചു കൊടുത്തില്ലെന്നും വിവരമുണ്ട്.
സൗദിയിലെ ബിസിനസ് പൊളിഞ്ഞതിനെത്തുടർന്ന് അഫാന്റെ അച്ഛൻ റഹീമും വീട്ടിലേക്ക് പണം അയക്കാതെയായി. വരുമാനം കുറഞ്ഞെങ്കിലും അഫാന്റെ ആഡംബര ജീവിതം കാരണം കടം പെരുകി. ഇതിനിടയിൽ ഷെമിയും റഹീമും തമ്മിലും പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് കുടുംബത്തിലെ സാമ്പത്തിക ബാധ്യതയെപ്പറ്റി റഹീമിന് അറിവില്ലാത്തതെന്നാണ് വിവരം. കുടുംബത്തിൽ എല്ലാവരും ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നെന്നും മരണം ഉറപ്പാക്കാനാണ് താൻതന്നെ കൊലപാതകം ചെയ്‌തതെന്നുമാണ് അഫാൻ പൊലീസിനോട് പറഞ്ഞത്.
പതറിയത് അഫ്സാനെ കൊന്നതോടെ
നാല് അരുംകൊലകൾ ചെയ്തിട്ടും കുറ്റബോധം തോന്നാത്ത അഫാൻ പതറിയത് സഹോദരൻ അഫ്സാനെ കൊന്നതോടെ. കൊല്ലപ്പെടുന്നതിന് മുമ്പ് അഫ്സാനോടും മുമ്പ് ചെയ്ത കൊലപാതകങ്ങളെക്കുറിച്ച് അഫാൻ പറഞ്ഞിരുന്നു. പേടിച്ച് വീടിന് പുറത്തേക്ക് ഓടിയ അഫ്‌സാനെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. സഹോദരനെയും സുഹൃത്തിനെയും കൊല്ലുന്നതിന് മുമ്പ് മദ്യം കഴിച്ചതും ധൈര്യത്തിന് വേണ്ടിയാണെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. ഏറ്റവും ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയതും ഇവർ ഇരുവരെയുമാണ്.









0 comments