അഫ്‌സാൻ പറഞ്ഞ വാക്കുകൾ ക്ലാസ് ടീച്ചർ സ്‌മിതയുടെ കാതിൽ ഇപ്പോഴുമുണ്ട്
'വെള്ളിയാഴ്ച കാണാം ടീച്ചറേ' ; ചിരി മാഞ്ഞ്, ചേതനയറ്റ് അഫ്‌സാൻ

സ്മിത
ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on Feb 26, 2025, 12:25 AM | 1 min read
വെഞ്ഞാറമൂട് : തിങ്കളാഴ്‌ച പരീക്ഷ എഴുതിയശേഷം അഫ്‌സാൻ പറഞ്ഞ വാക്കുകൾ ക്ലാസ് ടീച്ചർ സ്‌മിതയുടെ കാതിൽ ഇപ്പോഴുമുണ്ട്. ‘ഇനി വെള്ളിയാഴ്ച കാണാം ടീച്ചറേ’.... അവൻ പറഞ്ഞതിനുമുന്നേ അവർ അഫ്‌സാനെ കണ്ടു, ചിരി മാഞ്ഞ്, ചേതനയറ്റ്. അവന്റെ മുഖത്തേക്ക് ഒരുതവണപോലും നോക്കാൻ അധ്യാപകർക്കും സഹപാഠികൾക്കുമായില്ല. സങ്കടം കണ്ണീരായി ഒഴുകി, വാക്കുകൾ മുറിഞ്ഞു.
അഫ്‌സാൻ ഒരിക്കലും മടങ്ങി വരില്ലെന്ന് അവർക്ക് വിശ്വസിക്കാനാകുന്നില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ അഫ്സാനെ കണ്ടിട്ടുള്ളൂ. വെഞ്ഞാറമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അഫ്‌സാൻ സഹപാഠികൾക്കും അധ്യാപകർക്കും പ്രിയപ്പെട്ടവനായിരുന്നു.
പോസ്റ്റുമാർട്ടത്തിനുശേഷം പേരുമല ജങ്‌ഷനിൽ പൊതുദർശനത്തിനു വച്ച മൃതദേഹം കാണാനെത്തിയവരെല്ലാം വിങ്ങിപ്പൊട്ടി. ചിരി മങ്ങിയ അഫ്സാനെ കണ്ട ക്ലാസ് ടീച്ചർ സ്മിതയ്‌ക്ക് ദുഃഖം അടക്കാനായില്ല. പാതിയിൽ മുറിഞ്ഞ വാക്കുകൾ കണ്ണീരിൽ മുങ്ങി. ഏറെ പ്രയാസപ്പെട്ടാണ് സഹാധ്യാപകർ അവരെ ആശ്വസിപ്പിച്ചത്.









0 comments