അഫാൻ ആദ്യം ആക്രമിച്ചത് അമ്മയെ, ഒടുവിൽ അഫ്‌സാനെ


സ്വന്തം ലേഖകൻ
Published on Feb 26, 2025, 07:55 AM | 2 min read
വെഞ്ഞാറമൂട് : സാമ്പത്തികപ്രശ്നങ്ങളും അതിനെത്തുടർന്നുള്ള മദ്യപാനവും അഫാനെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്ന് സൂചന. ഇതാണ് കൂട്ടക്കൊലയ്‌ക്കുശേഷം ജീവനൊടുക്കാൻ ശ്രമിച്ചതിനു പിന്നിലെന്നാണ് നിഗമനം. അമ്മയുൾപ്പെടെ ആറുപേരും മരിച്ചു എന്ന് വിചാരിച്ചാണ് അഫാൻ എലി വിഷം കഴിച്ചശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്. എന്നാൽ അഫാൻ കഴിച്ച വിഷം മാരകമായിരുന്നില്ല. പകൽ 11 നും രാത്രി ആറിനും ഇടയിൽ 34 കിലോമീറ്റർ ചുറ്റികയുമായി ബൈക്കിൽ സഞ്ചരിച്ചായിരുന്നു കൊലപാതകങ്ങളെല്ലാം.
വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെ ഒന്നാം നിലയിലെ മുറിയിൽ വച്ച് അമ്മ ഷെമിയെയാണ് അഫാൻ ആദ്യം ആക്രമിച്ചത്. കഴുത്തിൽ ഷാൾ മുറുക്കുകയായിരുന്നു. ബോധരഹിതയായപ്പോൾ ഷെമി മരിച്ചെന്ന് കരുതി മുറി പൂട്ടിയിട്ട ശേഷം അഫാൻ പുറത്തേക്ക് പോയി. പകൽ 12 ഓടെ പാങ്ങോടുള്ള പിതാവിന്റെ അമ്മ സൽമാബീവിയെ വീട്ടിലെത്തി കൊലപ്പെടുത്തി സ്വർണമാല കവർന്നു. തുടർന്ന് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ ചുള്ളാളം എസ്എൽപുരത്തെ വീട്ടിലെത്തി കൊലപ്പെടുത്തി. മൂന്ന് കൊലപാതകങ്ങൾക്കു ശേഷം ബാറിലെത്തി മദ്യപിച്ചശേഷം തിരിച്ചെത്തിയാണ് ഫർസാനയെയും അഫ്സാനെയും അഫാൻ കൊലപ്പെടുത്തിയത്.
അമ്മ ഷെമി മരിച്ചെന്ന് ഉറപ്പാക്കാൻ ചുറ്റിക ഉപയോഗിച്ച് വീണ്ടും തലയ്‌ക്കടിച്ചു. തുടർന്ന് വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. സൽമാബീവിയുടെ മാല വെഞ്ഞാറമൂട്ടിലെ സ്വകാര്യബാങ്കിൽ 74,000 രൂപയ്‌ക്ക് പണയംവച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണമുപയോഗിച്ചാണ് മദ്യപിച്ചതും ചുറ്റിക വാങ്ങിയതും. ചുറ്റികവാങ്ങിയ വെഞ്ഞാറമൂട്ടിലെ കടയും കണ്ടെത്തി.
രണ്ടുവട്ടം ഷർട്ട് മാറി
മൂന്നു ബന്ധുക്കളെ കൊന്നശേഷം വേഷംമാറി കറുത്ത ഷർട്ടുമിട്ടാണ് അഫാൻ ബാറിലെത്തിയത്. കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയശേഷം കുളിച്ച് മറ്റൊരു ഷർട്ടുമിട്ടാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തലയ്ക്കടിച്ചപ്പോൾ രക്തംചീറ്റി ദേഹത്തായതിനാലാണ് ഷർട്ട് മാറിയത്.
അഫാന്റെ പിതാവ് ഉടൻ നാട്ടിലെത്തില്ല; ദമാമിൽ നിയമക്കുരുക്കിൽ
അഫാന്റെ പിതാവ് അബ്ദുറഹീം ഉടൻ നാട്ടിലെത്തില്ല. 25 വർഷമായി പ്രവാസജീവിതം നയിക്കുന്ന അദ്ദേഹം ഇപ്പോഴുള്ളത് ദമാമിലാണ്. ഏഴുവർഷമായി നാട്ടിൽ വരാറില്ല. സാമ്പത്തിക ബാധ്യതകളും ‘ഇഖാമ’ പുതുക്കാത്തതും സ്പോൺസറുമായുള്ള തർക്കങ്ങളും കാരണം ദമാമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
അബ്‌ദുറഹീം തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്‌പോൺസർ പരാതി നൽകിയതിനാൽ നിയമക്കുരുക്കിലുമായി. ഇതോടെ നാട്ടിലേക്കെത്താനുള്ള വാതിലുകൾ അടഞ്ഞിരിക്കുകയാണ്. 25 വർഷമായി റിയാദിലായിരുന്നു അബ്‌ദുറഹീം. ഷിഫയിലെ മഅ്റളിനടുത്ത് വാഹനങ്ങളുടെ പാർട്സുകൾ വിൽക്കുന്ന കട നടത്തിവരികയായിരുന്നു. കട നഷ്‌ടത്തിലായതോടെ സാമ്പത്തികബാധ്യതയേറി. തുടർന്ന് ഒന്നരമാസം മുമ്പ് ദമാമിലേക്കെത്തി. സാമ്പത്തികദുരിതത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവിതം തകർക്കുന്ന വാർത്തയറിഞ്ഞ അബ്‌ദുറഹീം തകർന്നിരിക്കുകയാണെന്ന് സുഹൃത്തുക്കൾ പറയുന്നു.









0 comments