വെഞ്ഞാറമൂട് കൂട്ടക്കൊല ; നിർവികാരനായി അഫാൻ
"ചുറ്റികയാകുമ്പോൾ എവിടെയും കൊണ്ടുപോകാമല്ലോ'

തിരുവനന്തപുരം : ചുറ്റികയാകുമ്പോൾ എവിടെയും കൊണ്ടുപോകാമെന്നും ആർക്കും സംശയം തോന്നില്ലെന്നും ചോദ്യം ചെയ്യലിനിടെ അഫാൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ശക്തിയായി അടിച്ചാൽ ആൾ മരിക്കുമെന്ന് പൂർണ ബോധ്യമുണ്ടായിരുന്നതായും മൊഴി നൽകി. കുറ്റബോധമില്ലാതെയാണ് അഫാൻ പെരുമാറുന്നതെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഊണ് കഴിക്കുമ്പോൾ മീൻ കറിയില്ലേയെന്നും അഫാൻ പൊലീസിനോട് ചോദിച്ചു. പറയുന്ന പലകാര്യങ്ങളും പരസ്പരവിരുദ്ധമാണ്. സാമ്പത്തിക ബാധ്യത സംബന്ധിച്ച് അഫാനും പിതാവും മാതാവ് ഷെമിയും പറയുന്നതും പരസ്പരവിരുദ്ധമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് കൂടുതൽ തെളിവ് ശേഖരിക്കും.
കുടുംബം കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോൾ പിതൃമാതാവിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവരുടെ കൈവശം രണ്ട് സ്വർണമാല ഉണ്ടായിരുന്നെന്നും പിന്നീട് ഒന്ന് കാണാതായെന്നും അഫാൻ പറഞ്ഞു. ബന്ധുവായ മറ്റൊരാൾക്ക് മാല കൊടുത്തെന്ന് മനസ്സിലായതോടെ വൈരാഗ്യം തോന്നിയെന്നുമാണ് അഫാൻ കഴിഞ്ഞദിവസം പറഞ്ഞത്. മാതാവ് ഷെമിയെയാണ് ആദ്യം ആക്രമിച്ചതെന്നും അവർ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ ആക്രമിച്ചതെന്നും അഫാൻ നേരത്തേ മൊഴി നൽകിയിരുന്നു.
നിർവികാരനായി അഫാൻ; തെളിവെടുത്തു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുത്തു. താഴെ പാങ്ങോട് സൽമാ ബീവിയുടെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്. സൽമാബീവിയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് പ്രതി നിർവികാരനായി പൊലീസിനോട് വിവരിച്ചു. പേരുമലയിലെ സ്വന്തം വീട്ടിലേക്കും എത്തിച്ച് തെളിവെടുത്തു. ഇവിടെ മടങ്ങിയെത്തി വസ്ത്രം മാറിയശേഷമാണ് സൽമാബീവിയിൽനിന്ന് മോഷ്ടിച്ച മാല പണയം വയ്ക്കാൻ പോയത്.
സ്വർണം പണയം വച്ച സ്ഥാപനം, കൊലപ്പെടുത്താൻ ചുറ്റിക വാങ്ങിയ കട, പണയം വച്ച തുക നിക്ഷേപിച്ച എടിഎം എന്നിവിടങ്ങളിൽ ശനിയാഴ്‌ച തെളിവെടുപ്പ് നടത്തും. അഫാന്റെ കസ്റ്റഡി കാലാവധിയും ശനിയാഴ്ച അവസാനിക്കും.









0 comments