വെഞ്ഞാറമൂട് കൂട്ടക്കൊല ; സഹോദരനെ കൊന്നതിലും കുറ്റബോധമില്ല

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് മാതാവ് ഷെമിയോടും കടുത്ത പകയുണ്ടായിരുന്നതായി പൊലീസ്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി കൂടാൻകാരണം ഷെമിയുടെ സാമ്പത്തിക ഇടപാടുകളാണെന്നും കടക്കാരുടെ ശല്യംകാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് കൊലപാതകങ്ങൾ നടന്ന ദിവസം രാവിലെയും ഷെമിയുമായി തർക്കമുണ്ടായി. അഫാന്റെ ആർഭാടജീവിതം കാരണമാണ് കുടുംബത്തിന് ഈ അവസ്ഥ വന്നതെന്ന് ഷെമി പറഞ്ഞതും പക ഇരട്ടിയാക്കി.
തങ്ങളെല്ലാവരും മരിച്ചാൽ ഒറ്റയ്ക്കായി പോകുമെന്നതിനാലാണ് സഹോദരൻ അഫ്സാനെ തലയ്ക്കടിച്ച് കൊന്നതെന്നും അതിൽ തനിക്ക് കുറ്റബോധമില്ലെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പണയംവച്ച മാല, തിരികെ ചോദിച്ചതിനാൽ സുഹൃത്ത് ഫർസാനയോടും ദേഷ്യമുണ്ടായിരുന്നു. അതിനാലാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയശേഷം സ്വർണമാല കൈക്കലാക്കി. ഈ മാല പണയം വച്ച് 75,000 രൂപ വാങ്ങിയശേഷം കല്ലറയിലെ എടിഎം മെഷീൻ ഉപയോഗിച്ച് 45,000 രൂപ അക്കൗണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്തു. തുടർന്ന് ഈ പണം രാവിലെ വിളിച്ച് ശല്യപ്പെടുത്തിയ നാല് കടക്കാർക്ക് അയച്ചുകൊടുത്തു.
കടക്കാരെ ആക്രമിക്കാൻ മുളകുപൊടിയും
കൊലപാതകങ്ങൾ നടന്ന ദിവസം, കടക്കാർ വീട്ടിൽ പണം ചോദിച്ച് വന്നാൽ അപായപ്പെടുത്താൻ അഫാൻ മുളക് പൊടി വാങ്ങി സൂക്ഷിച്ചിരുന്നു. അഞ്ച് കൊലപാതകവും നടത്തിയശേഷം ഗ്യാസ് തുറന്നുവിട്ടത് ആ വീട്ടിൽ പിതാവ് റഹീം ഉൾപ്പെടെ ആരും താമസിക്കണ്ട എന്ന ഉദ്ദേശ്യത്തോടെയാണ്. ഗ്യാസ് തുറന്നുവിട്ടശേഷം തനിയെ വീട് കത്തുമെന്നു കരുതിയാണ് വീട് പൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. പല വീടുകളിലായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയവരുടെ വിവരം പുറംലോകത്തെ അറിയിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഈ സമയം കടയിൽനിന്ന് 20 രൂപ കൊടുത്ത് വാങ്ങിയ എലി വിഷവും അഫാൻ കഴിച്ചിരുന്നു.









0 comments