'അയിത്തം അപമാനവും നിരാകരിക്കേണ്ടതുമാണ്'; തിരുനക്കരയെ സാക്ഷിയാക്കി ഗാന്ധിജി പറഞ്ഞു


സ്വന്തം ലേഖകൻ
Published on Mar 15, 2025, 11:03 AM | 2 min read
കോട്ടയം: ഇന്നേക്ക് കൃത്യം നൂറുവർഷം മുമ്പ്, 1925 മാർച്ച് 15ന്, ചങ്ങനാശേരിയിലും കോട്ടയത്തും സംസാരം ഒന്നുമാത്രമായിരുന്നു. ഗാന്ധിജി എത്തുന്നു. അതിഗംഭീര സ്വീകരണമൊരുക്കണം, അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കണം. ചങ്ങനാശേരിയിൽ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള സ്വീകരണംകഴിഞ്ഞ് കോട്ടയം പട്ടണത്തിലേക്ക് എത്തിയ ഗാന്ധിജിയെ കാത്തിരുന്നവർക്ക് കണക്കില്ല. അന്നത്തെ മാധ്യമവാർത്തകൾ പ്രകാരം, പീരുമേട് പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽനിന്ന് പോലും ആളുകൾ എത്തി. വൈകിട്ട് ആറായപ്പോൾ നഗരത്തിന്റെ തെക്കേ അതിർത്തിയിൽ ഗാന്ധിജി സപരിവാരം എത്തി. നഗരസഭാ വൈസ്‌ചെയർമാൻ സി എസ് ലക്ഷ്‌മണൻപിള്ള മഹാത്മജിയെ ഹാരമണിയിച്ചു. ചുറ്റുമുള്ള ജനങ്ങളെ നോക്കി പുഞ്ചിരിച്ച് കൈകൂപ്പിക്കൊണ്ടാണ് ഗാന്ധിജി കാറിലിരുന്നത്. കാർ പതിയെ നീങ്ങി തിരുനക്കര മൈതാനത്തെത്തി.
ലഘുഭക്ഷണത്തിനായി ആദ്യം കൈതാരത്ത് നാരായണയ്യരുടെ മഠത്തിലേക്ക് പോയി. അരമണിക്കൂറിനകം അവിടെനിന്ന് നടന്ന് തിരുനക്കര മൈതാനത്തിന് പടിഞ്ഞാറ് വശത്തുള്ള ഗേറ്റിലെത്തി. അപ്പോൾ ഉയർന്ന മംഗളധ്വനികളും കതിനാവെടികളും നഗരത്തെ ഒന്നിളക്കിയെന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മൈതാനത്തെ പ്ലാറ്റ്‌ഫോമിലേക്ക് അദ്ദേഹത്തെ ആനയിച്ചു. ഖദർ പുതപ്പിച്ച മേശയിൽ ഗാന്ധിജി ഇരുന്നു. ഗുഡേക്കർ, ആൽഫ്രഡ് ഫ്രാങ്ക്‌സ്, മിസ്സിസ് ഹാരി എന്നീ യൂറോപ്യന്മാരുടെ സാന്നിധ്യവും ഉണ്ടായിരുന്നതായി അന്നത്തെ രേഖകളിലുണ്ട്.
നഗരസഭ വായിച്ച മംഗളപത്രം വട്ടക്കുന്നേൽ കുര്യൻ തർജ്ജമ ചെയ്‌തു. ഏറ്റുമാനൂർ ഹിന്ദി ക്ലാസുകാരുടെ വക ഹിന്ദി മംഗളപത്രവും വായിച്ചു. ഗാന്ധിജിയുടെ പ്രസംഗം ഇംഗ്ലീഷിലായിരുന്നു. ഇത് കെ കെ കുരുവിള പരിഭാഷപ്പെടുത്തി. ബിഷപ്പ് അലക്‌സാണ്ടർ ചൂളപ്പറമ്പിലിനെ സന്ദർശിച്ചപ്പോൾ തിരുവിതാംകൂറിന്റെ ജനക്ഷേമപ്രവർത്തനങ്ങളിൽ പങ്കുവഹിച്ചിരുന്ന ബിഷപ്പ് അലക്‌സാണ്ടർ ചൂളപ്പറമ്പിലിനെ ഗാന്ധിജി അരമനയിലെത്തി സന്ദർശിച്ചു. സി രാജഗോപാലാചാരി, കെ കെ കുരുവിള എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നോക്കാവസ്ഥയിലുള്ള ജനങ്ങളുടെ ഉന്നമനത്തിനായി ഗാന്ധിജി നടത്തിയ പ്രവർത്തനങ്ങളെ ബിഷപ്പ് അഭിനന്ദിച്ചു.
ഗാന്ധിജിയുടെ തിരുനക്കര പ്രസംഗത്തിന്റെ ചുരുക്കം
“ഈ വിശേഷപ്പെട്ട മംഗളപത്രങ്ങൾക്കും അവയിൽ അടങ്ങിയിക്കുന്ന മാഹാത്മ്യമേറിയ ആശയങ്ങൾക്കും ഞാൻ നിങ്ങൾക്കു വളരെ നന്ദി പറയുന്നു. ഇവിടെ ഒരു ഹിന്ദി ക്ലാസ് നടക്കുന്നുണ്ടെന്നറിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ദക്ഷിണേന്ത്യയിൽ വരുമ്പോഴെല്ലാം നിങ്ങളോട് ഹിന്ദുസ്ഥാനിയിൽ സംസാരിക്കാൻ സാധിക്കാത്തതിൽ ഞാൻ ദുഃഖിച്ചിട്ടുണ്ട്. ഇവിടം പുരാതന ക്രിസ്‌ത്യാനികളുടെ കേന്ദ്രസ്ഥാനമാണ് എന്നറിയുന്നതിൽ സന്തോഷിക്കുന്നു. ഇന്ത്യയുടെ ഉയർച്ചയ്ക്കായി ഞാൻ രൂപീകരിച്ചിരിക്കുന്ന പദ്ധതിയിൽ ക്രിസ്ത്യാനികൾ പങ്കുകൊള്ളുവാൻ പാടില്ലാത്തതായി ഒന്നുമില്ല. ഒരു ക്രിസ്ത്യാനി എന്റെ പദ്ധതിയിൽ സംബന്ധിക്കുന്നില്ലായെങ്കിൽ അയാൾ യഥാർഥ ക്രിസ്ത്യാനിയല്ല എന്നാണ് ഞാൻ പറയുന്നത്. ക്രിസ്ത്യാനികൾ തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇന്ത്യയുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അയിത്തം അപമാനവും നിരാകരിക്കേണ്ടതുമാണെന്ന് ഞാൻ പറയേണ്ടതില്ല. മഹാറാണിയും ദിവാനും ഈ സംഗതിയിലുള്ള തങ്ങളുടെ സഹതാപത്തെക്കുറിച്ച് എന്നോടു പറയുകയുണ്ടായി. അവസാനമായി വർഗീയ യോജിപ്പിനെപ്പറ്റിയാണ് പറയാനുള്ളത്. തിരുവിതാംകൂറിലെ വർഗക്കാർ തമ്മിലുള്ള സൗഹാർദ്ദത്തെ കണ്ട് ഞാൻ സന്തോഷിക്കുന്നു. എന്നാൽ യഥാർഥത്തിൽ ഇവരുടെ പെരുമാറ്റം അത്രതന്നെ ആശാസ്യമല്ലെന്നാണ് പല സ്നേഹിതന്മാരും എന്നോടു പറഞ്ഞിട്ടുള്ളത്. ഇതു വാസ്‌തവമാണെങ്കിൽ നിങ്ങൾ ഇതിനെക്കുറിച്ചു ഗാഢമായി ചിന്തിക്കുകയും സൗഹാർദ്ദമായി ജീവിക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു.''









0 comments