പൊലീസ് മേധാവി നിയമനത്തിൽ അപാകമില്ല; പാർടി സർക്കാർ തീരുമാനത്തോടൊപ്പം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനം ചട്ടങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണെന്നും ആ തീരുമാനത്തിന് സാങ്കേതികമായി എന്തെങ്കിലും തടസം ആരും ഉന്നയിച്ചിട്ടില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർടി സർക്കാർ തീരുമാനത്തോടൊപ്പമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
'കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്ന ഒരാൾ മാത്രമാണ് പുതിയ പൊലീസ് മേധാവിയായി നിയമിച്ച റാവാഡ ചന്ദ്രശേഖർ. അന്ന് വലിയ കടാന്നാക്രമണം നടത്താൻ നേതൃത്വം കൊടുത്തത് തളിപ്പറമ്പ് ഡിവൈഎസ്പിയായിരുന്ന ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കലക്ടർ ടി ടി ആന്റണിയുമായിരുന്നു. ഇരുവരുമാണ് ഈ രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് കോടതി നരീക്ഷണം. ഐപിഎസ് ട്രെയിനിംഗ് കഴിഞ്ഞ് റാവാഡ ചന്ദ്രശേഖർ തലശേരിയിൽ ജോയിന്റ് ചെയ്ത് രണ്ട് ദിവസം മാത്രമായപ്പോഴാണ് സംഭവം നടക്കുന്നത്. അദ്ദേഹത്തിന് കാര്യമായ പരിചയമോ പ്രദേശത്തെ കുറിച്ചുള്ള അറിവോ ഇല്ല. കേസിൽ പ്രതിയാക്കപ്പെട്ടു എന്നുമാത്രമേയുള്ളൂ. ഒരുഘട്ടം കഴിഞ്ഞപ്പോൾ കോടതി അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു'- എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പൊലീസ് മേധാവിയായി റാവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചത്. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ നിലവിൽ ഇൻ്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്‌ടറാണ്. തിരുവനന്തപുരത്ത് കമീഷണറായിരുന്നു. തുടർന്ന് യുഎൻ ഡെപ്യൂട്ടേഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി.
ആഗസ്ത് ഒന്നു മുതൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി സെക്രട്ടറി ചുമതല വഹിച്ചു. യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെയാളാണ് റവാഡ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സർവീസ്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാനാകും.









0 comments