മണ്ണാർമലയിലെ പുലിയെ വെടിവെയ്ക്കും; ഉത്തരവ് നൽകിയെന്ന് മന്ത്രി

തിരുവനന്തപുരം: നാട്ടുകാർക്കും യാത്രക്കാർക്കും ഭീതിയായി തുടരുന്ന മണ്ണാർമല മാട് റോഡിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കഴിഞ്ഞ കുറച്ച് കാലമായി പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് രണ്ട് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ കൂടുകൾ സ്ഥാപിക്കും. ജനങ്ങള്‍ക്ക് ജീവഹാനി ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ച് മുന്നോട്ട് പോവുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കൂടൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും കെണിയിൽ വീഴാതെ മണ്ണാർമലയിൽ തുടരുന്ന പുലിയുടെ ദൃശ്യങ്ങൾ തിങ്കളാഴ്ച നാട്ടുകാർ സ്ഥാപിച്ച കാമറയിൽ പതിഞ്ഞിരുന്നു. ഒരുമാസത്തിനിടെ നിരവധി തവണയാണ് പുലിയുടെ ദൃശ്യം കാമറയിൽ പതിയുന്നത്. സ്ഥിരമായി പുലിയെ കാണുന്ന മണ്ണാർമല മാട് പ്രദേശത്ത് വനം വകുപ്പ് കെണി സ്ഥാപിച്ചിട്ട് നാല് മാസത്തോളമായി. ഒരുമാസംമുമ്പ് കെണി മാറ്റിസ്ഥാപിക്കുകയും ഇരയായി ആടിനെ കെട്ടിയിടുകയും ചെയ്തു.
പുലി സ്ഥിരമായി കടന്നുപോകുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പ്രദേശങ്ങളായ മണ്ണാർമല പള്ളിപ്പടി, മാനത്ത്മംഗലം, കക്കൂത്ത് എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകളുണ്ട്. ഇവിടത്തെ കുടുംബങ്ങൾ മാസങ്ങളായി ഭീതിയിലാണ് കഴിയുന്നത്.









0 comments