സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം 10.30ന് റിയാദ് ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീമിൻ്റെ കുടുംബം.
കഴിഞ്ഞ 15ന് കോടതി ഹർജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഏഴ് തവണയാണ് റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചത്.
2006ലാണ് അബ്ദുൾ റഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന് ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു.
മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) ദിയാധനം നൽകിയതിനെ തുടർന്നായിരുന്നു ഇത്. മലയാളികൾ ഒന്നാകെയാണ് ഈ തുക ശേഖരിച്ചത്. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്.









0 comments