മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ അഞ്ച് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ പങ്കെടുക്കുന്നത് കേരളത്തിന് അപമാനകരം
ഗവർണറുടെ കാവിവൽക്കരണ നിലപാടിനെ പാർടി ശക്തമായി എതിർക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം : ഗവർണറുടെ കാവിവൽക്കരണ നിലപാടിനെ പാർടി ശക്തമായി എതിർക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്കൃത സർവകലാശാല സിൻഡിക്കേറ്റിലേക്ക് നൽകിയ പേരുകളെല്ലാം വെട്ടി സംഘപരിവാർ വ്യക്തികളെ അംഗങ്ങളാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. കാലിക്കറ്റ്, വെറ്റിനറി തുടങ്ങിയ സർവകലാശാലകളിലും ഗവർണർ സംഘപരിവാർ താൽപര്യങ്ങൾക്കനുസരിച്ചുള്ള നടപടികളായാണ് മുന്നോട്ട് പോകുന്നത്. ഈ നടപടികൾക്കെതിരെ ഇടത് വിദ്യാർത്ഥി യുവജന സംഘടനകൾ നിരന്തരം പ്രതിഷേധിച്ചുകൊണ്ട് സമരമുഖത്തുണ്ട്. എന്നാൽ കാവിവൽക്കരണ നിലപാടിന്റെ പങ്കുപറ്റുന്നതല്ലാതെ ഇതിനെതിരായി ഒരുനിലപാട് സ്വീകരിക്കുവാൻ യുഡിഎഫിന് കഴിയുന്നില്ലായെന്നത് അപലനീയമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്തുന്നതിന് മതരാഷ്ട്രീയ വാദികളുമായി കൂട്ടുച്ചേരുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരള സർവകലാശാല വൈസ് ചാൻസലർ അദ്ദേഹത്തെ കാണുവാനുള്ള അനുവാദത്തിന് കാത്തുനിന്നിരുന്നു. മുഖ്യമന്ത്രി വൈസ് ചാൻസലറെ അങ്ങോട്ട് വന്നാണ് കാണേണ്ടത് എന്നായിരുന്നു ഇതിനുള്ള ഇഎംഎസിന്റെ മറുപടി. ഈ ചരിത്രത്തെ തകർക്കുന്നതരത്തിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ അഞ്ച് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ പങ്കെടുക്കുന്നത് കേരളത്തിന് അപമാനകരമാണ്. ജ്ഞാനസഭ എന്ന് പറയുന്നത് സംഘപരിവാറിന്റെ പരിപാടിയാണ്. ആ പരിപാടിയിൽ വൈസ് ചാൻസലർമാർ പോകുന്നത് അതിശക്തമായ രീതിയിലുള്ള മതവൽകരണത്തിന്റെ ഭാഗമാണ്.
സർവകലാശാലകളെ കാവി വൽക്കരിക്കാനുള്ള ആർഎസ്‌എസ് ശ്രമത്തിനെതിരെ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള എല്ലാ ജനാധിപത്യ ശക്തികളുടെയും പ്രതിഷേധം തുടരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ വൽക്കരണത്തിനെതിരെ കേരളീയ സമൂഹത്തിനാകെ പ്രതിഷേധമുണ്ട്. കേരളത്തിന്റെ പാരമ്പര്യം അതാണ്. ആ മഹത് പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.









0 comments