അപകടങ്ങളെപ്പോലും പ്രതിപക്ഷം രാഷ്‌ട്രീയ ഉപകരണമാക്കുന്നു: മന്ത്രി റിയാസ്

കോഴിക്കോട്: അപകടങ്ങളെ രാഷ്‌ട്രീയ ഉപകരണങ്ങളാക്കി മാറ്റാനുള്ള നടപടികളിൽനിന്ന് പ്രതിപക്ഷം പിന്തിരിയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അപകടം ആർക്കുസംഭവിച്ചാലും അത് ദുഃഖകരമാണ്. എന്നാൽ കേരളത്തിലെ പ്രതിപക്ഷം ഇക്കാര്യത്തിൽ പക്വതയാർന്ന സമീപനമാണോ സ്വീകരിക്കുന്നതെന്ന് പരിശോധിക്കണം. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപകടങ്ങളിൽ വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. സർക്കാർ എടുത്ത സമീപനത്തിൽ പാളിച്ചകളുണ്ടെങ്കിൽ തുറന്നുകാണിക്കാം. സുനാമി ദുരന്തമുണ്ടായപ്പോൾ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ശക്തമായ സമരം നടക്കുന്ന കാലമായിരുന്നു. പെട്ടെന്ന് പ്രക്ഷോഭം നിർത്തി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാവാനാണ് ആഹ്വാനം ചെയ്‌തത്. ദുരന്തമുണ്ടായ ചിലയിടങ്ങളിൽ മന്ത്രിമാർ എത്തിയപ്പോൾ ജനങ്ങൾ അവരെ തടയുന്ന സ്ഥിതിയുണ്ടായി. ആ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി എസിന്റെയും പാർടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും പ്രസ്‌താവനകൾ നിങ്ങളൊന്നു പരിശോധിക്കണം. ഒരുതരത്തിലും മന്ത്രിമാരെ ഈഘട്ടത്തിൽ തടയാൻ പാടില്ലെന്നായിരുന്നു പറഞ്ഞത്.
കോഴിക്കോട് പാലം നവീകരണത്തിന്റെ ഭാഗമായി പഴയ ഫലകം നീക്കിയത് വളരെ വൈകിയാണ് അറിയുന്നത്. അക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാനും പുനഃസ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ അതും സർക്കാരിനെതിരെ തിരിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും മന്ത്രി പറഞ്ഞു.









0 comments