നേതാവിന് ഇപ്പോഴും 'ഹു കെയേർസ്' എന്ന മനോഭാവം; പ്രതികരിച്ച ശേഷം അധിക്ഷേപമെന്ന് റിനി

തിരുവനന്തപുരം: ആരോപണവിധേയനായ നേതാവിന് ഇപ്പോഴും ഹു കെയേർസ് എന്ന മനോഭാവമാണെന്ന് നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. ഇത് എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമാണ്. പ്രതികരണത്തിന് ശേഷം പല പേരുകൾ പറഞ്ഞ് അധിഷേപിക്കുന്ന രീതിയുണ്ടായി. പലരും സമാനമായ പരാതിയുമായി വരുന്നുണ്ട്. ഇത് ഏതെങ്കിലും ഒരു പാർടി സ്പോൺസർ ചെയ്ത കാര്യമല്ല എന്ന് കൃത്യമായി അപ്പോൾ മനസിലായെന്നും റിനി പ്രതികരിച്ചു.
വ്യക്തിപരമായി ആരെയും പേരെടുത്ത് പറയാനും പ്രസ്ഥാനത്തിന്റെ പേര് പറയാനും ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഏതെങ്കിലും വ്യക്തികളോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെയാണ്. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്നത് മാത്രമാണ് എന്റെ വിഷയം. ഈ വിഷയത്തിൽ തനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാനില്ല. എന്ത് തീരുമാനമെടുക്കണമെന്ന് ആലോചിക്കേണ്ടത് ആ പ്രസ്ഥാനമാണ്. ഓഡിയോ സന്ദേശമടക്കം പുറത്തുവന്നു. ഗുരുതരമായ തെളിവുകളാണ്. ധാർമികത മുൻനിർത്തി പ്രസ്ഥാനം തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ ഭാഗം ശരിയാണെങ്കിൽ അതിലേക്ക് തന്നെ എത്തിച്ചേരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. കാലം എല്ലാം തെളിയിക്കുമെന്നും റിനി പറഞ്ഞു.
അതേസമയം ആരോപണങ്ങൾക്കൊടുവിൽ നാണം കെട്ട് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങി. കോൺഗ്രസ് നേതൃത്വം രാഹുലിന്റെ രാജി ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അടൂരിലെ വീട്ടിൽ മാധ്യമപ്രവർത്തകരെ കണ്ട രാഹുൽ നേതൃത്വം തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുവരെ രാജി വച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. എന്നാൽ ഒടുക്കം രാജി വച്ചതായി സമ്മതിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെയാണ് രാജി വച്ചതെങ്കിലും സ്വമേധയാ രാജി വച്ചതാണെന്നു പറഞ്ഞ് തന്റെ രാജിയെ ന്യായീകരിക്കാനും രാഹുൽ ശ്രമിച്ചു.









0 comments