കുട്ടികൾക്ക് യുഐഡി ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കും: അധ്യാപകർക്ക് തൊഴിൽ നഷ്‌ടമാകില്ല

തൃശൂർ: വിദ്യാർഥികൾക്ക് യുഐഡി ഇല്ലാത്തതിന്റെ പേരിൽ അധ്യാപക, അനധ്യാപക ജീവനക്കാർക്ക് തൊഴിൽ നഷ്‌ടമാകില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആധാർ കാർഡാണ് യുഐഡി ആയി പരിഗണിച്ചിട്ടുള്ളത്. എല്ലാകുട്ടികൾക്കും ആധാർ ലഭിച്ചിട്ടില്ല. ആധാറിനുപകരം ജനന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖയാക്കുന്നത് പഠിക്കാനും തസ്തിക നിർണയം ലഘൂകരിക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒക്ടോബറിൽ ഇത് ലഭിച്ചശേഷം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഭേദഗതി വരുത്തും. സാങ്കേതിക കാരണത്തിന്റെ പേരിൽ അധ്യാപകരുടെയും അനധ്യാപകരുടെയും തൊഴിൽ നഷ്‌ടമാകില്ല. യുഐഡി വിഷയത്തിൽ തസ്തിക നഷ്ടപ്പെട്ടതിന്റെ കണക്ക് ശേഖരിക്കാൻ നിർദേശം നൽകിയെന്നും മന്ത്രിപറഞ്ഞു.
സ്‌കൂൾ കലോത്സവം: എ ഗ്രേഡ് നേടുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ കുട്ടികൾക്കും 1000 രൂപ സാംസ്‌കാരിക സ്‌കോളർഷിപ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒറ്റത്തവണയായിരിക്കും സ്‌കോളർഷിപ് നൽകുക. സ്പോൺസർഷിപ്പിലൂടെ പ്രത്യേക മൊമെന്റോയും നൽകും. 249 ഇനങ്ങളിലായി ഏകദേശം 14,000 വിദ്യാർഥികൾ മേളയിൽ മാറ്റുരയ്-ക്കും.കഴിഞ്ഞ തവണ തൃശൂരിന് തന്നെ ലഭിച്ചതിനാൽ സ്വർണക്കപ്പ് ഘോഷയാത്ര പ്രായോഗികമല്ല. പകരം കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും കലോത്സവ പ്രചാരണ ഘോഷയാത്രകൾ നടത്തി തൃശൂരിൽ സംഗമിക്കുന്ന തരത്തിൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments