ആദ്യ "വീ' പാര്‍ക്ക് കൊല്ലത്ത് തുറന്നു


സ്വന്തം ലേഖകൻ
Published on Mar 02, 2025, 02:56 AM | 1 min read
കൊല്ലം : മേൽപ്പാലങ്ങളുടെ അടിവശം സൗന്ദര്യവൽക്കരിക്കുന്ന പദ്ധതികളിൽ ആദ്യത്തേത് കൊല്ലത്ത് യാഥാർഥ്യമായി. എസ്എൻ കോളേജ് ജങ്ഷനു സമീപം റെയിൽവേ മേൽപ്പാലത്തിന് കീഴിൽ ഒരുക്കിയ ‘വീ’ പാർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്‌തു.
പൊതുമരാമത്ത് വകുപ്പിന്റെ 70 സെന്റിൽ ഒരുക്കിയ പാർക്കിൽ വാക്കിങ് ട്രാക്കുകൾ, കഫറ്റീരിയ, ബാഡ്മിന്റൺ,-വോളിബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്‌കേറ്റിങ് ഏരിയ, ഓപ്പൺ ജിം, യോഗ മെഡിറ്റേഷൻ സോൺ ഇവന്റ് സ്പേസ്, ടോയ്‌ലെറ്റ് സൗകര്യങ്ങളുണ്ട്. പൊതുമരാമത്ത് ടൂറിസം മേഖലയിൽ രാജ്യത്ത് ആദ്യമായി ഡിസൈൻ നയം നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പാലങ്ങൾക്കടിയിലുള്ള സ്ഥലം പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുമായി കൈകോർത്ത് നൂറിലധികം പാലങ്ങൾക്കടിയിലെ സ്ഥലം ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉപയോഗശൂന്യമായ ഇടങ്ങൾ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എം നൗഷാദ് എംഎൽഎ അധ്യക്ഷനായി.
മന്ത്രി ജെ ചിഞ്ചുറാണി, എൻ കെ പ്രേമചന്ദ്രൻ എംപി, മേയർ ഹണി ബെ ഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ് ജയൻ, വിനോദസഞ്ചാര വകുപ്പ് അഡീഷണൽ ഡയറക്ടർ വിഷ്ണുരാജ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ് കെ സജീഷ്, കലക്ടർ എൻ ദേവിദാസ്, എ കെ സവാദ് എന്നിവർ സംസാരിച്ചു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വിനോദസഞ്ചാര വകുപ്പ് രണ്ടുകോടി രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതിയുടെ കൺസൾട്ടന്റ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ്.









0 comments