പ്രതികാരച്ചുങ്കത്തിൽ കയറും കുരുങ്ങും

നെബിൻ കെ ആസാദ്
Published on Aug 08, 2025, 07:00 AM | 1 min read
ആലപ്പുഴ: പ്രതികാരച്ചുങ്കത്തിൽ പകച്ച് കയർമേഖലയും. സംസ്ഥാനത്ത് സ്വകാര്യ, പൊതുമേഖലകളിലായി 60ഓളം സ്ഥാപനങ്ങളാണ് അമേരിക്കയിലേക്ക് കയർ ഉൽപ്പന്നം കയറ്റി അയയ്ക്കുന്നത്. സൊസൈറ്റികളും സ്വകാര്യ ചെറുകിട യൂണിറ്റുകളുമടക്കം 560ന് മുകളിൽ ഉൽപാദന യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ട്രേഡ് യൂണിയനുകളുമായി വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനിച്ചു. ഇതിനായി ട്രേഡ് യൂണിയൻ നേതാക്കൾക്ക് കത്ത് നൽകി.
തീരുവ കൂട്ടിയ ആദ്യഘട്ടത്തിൽ കയറ്റുമതി സ്ഥാപനങ്ങളും ഇറക്കുമതി ചെയ്യുന്നവരും പരസ്പരം സഹകരിച്ചും നഷ്ടം വീതിച്ചെടുത്തിരുന്നു. എന്നാൽ, 50 ആയാൽ നഷ്ടം ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് വ്യവസായികൾ പറയുന്നത്. കയറ്റുമതി നിലച്ചാൽ, അമേരിക്കയിൽ സിന്തറ്റിക് ഉൽപന്നങ്ങൾ വിപണി കീഴടക്കും. ഇത് ഗുണമേന്മ കുറഞ്ഞ ഉൽപ്പന്നങ്ങളുണ്ടാക്കുന്ന രാജ്യങ്ങൾക്ക് നേട്ടമാകും. അവരുടെ ഉൽപ്പന്നങ്ങൾ സ്ഥിരമായിക്കഴിഞ്ഞാൽ ഇന്ത്യയ്ക്ക് അമേരിക്കൻ വിപണിയിലേക്ക് തിരിച്ചുപോക്ക് സാധ്യമല്ല.
തീരുവ ഉയർത്തിയ ശേഷം, നേരത്തെ നൽകിയ ഓർഡറുകൾ പോലും ഒഴിവാക്കിയ അമേരിക്കൻ കമ്പനികളുണ്ട്. കയറ്റുമതിയും നടപടികളും താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ചില കമ്പനികളിൽനിന്ന് ലഭിച്ച അറിയിപ്പ്. ഇതുവഴി 70 മുതൽ 100 ശതമാനം വരെ നിർമാണം പൂർത്തിയായ ഉൽപ്പന്നങ്ങൾ തടഞ്ഞുവയ്ക്കേണ്ടി വരുന്നു.







0 comments