മം​ഗളൂരുവിൽ ഹിന്ദുത്വവാദികൾ തല്ലിക്കൊന്ന അഷ്റഫിന്റെ മൃതദേഹം വേങ്ങരയിൽ സംസ്കരിച്ചു

mangaluru-mob-lynching
വെബ് ഡെസ്ക്

Published on Apr 30, 2025, 06:29 PM | 1 min read

വേങ്ങര (മലപ്പുറം): മംഗളൂരുവിൽ ഹിന്ദുത്വവാദികൾ തല്ലിക്കൊന്ന മൂച്ചിക്കാടൻ കുഞ്ഞീതുവിന്റെ മകൻ അഷ്റഫിൻ്റെ (37) മൃതദേഹം പറപ്പൂർപോലക്കുണ്ട് ജുമാമസ്ജിദിൽ ഖബറടക്കി. ബുധനാഴ്ച്ച രാവിലെ 10ന് അഷ്റഫിന്റെ ബന്ധു വീട്ടിലാണ് കർണ്ണാടകയിൽ നിന്നുള്ള ആംബുലൻസിൽ മൃതദേഹം എത്തിച്ചത്. 10 മിനിറ്റോളം ആംബുലൻസിൽ തന്നെ പൊതുദർശനത്തിന് വെച്ച ശേഷം പള്ളിയിലേക്ക് കൊണ്ടുപോവുകയും പതിനൊന്ന് മണിയോടെ കബറടക്കുകയുമായിരുന്നു.


നാട്ടിലെ വീട് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ജപ്തിയിലായതിനാൽ കുറച്ച് വർഷങ്ങളായി കുഞ്ഞീതുവും കുടുംബവും വയനാട് പുൽപ്പള്ളിയിലാണ് താമസം. ആക്രി പെറുക്കി ഉപജീവനം കഴിയുന്ന യുവാവ് മാനസിക വെല്ലുവിളിയുള്ള ആളാണെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുമായോ സംഘടനയുമായോ യുവാവിന് ബന്ധമില്ലന്നും നാട്ടുകാർ പറഞ്ഞു.


ഏറെക്കാലമായി സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന സ്വഭാവം അഷറഫിനില്ല. പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചതിനു തുടർന്ന് സഹോദരൻ ജബ്ബാർ മംഗളൂരുവിൽ എത്തിയാണ് അഷ്റഫിനെ തിരിച്ചറിയുന്നത്. ആന്തരിക രക്തസ്രാവവും ആവർത്തിച്ചുള്ള അടിയുടെ ആഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജനനേന്ദ്രിയത്തിലറടക്കം മുറിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. വയനാട്ടിൽ നിന്നും അഷറഫിൻ്റെ ഉപ്പ കുഞ്ഞീതുവും ഉമ്മ റുക്കിയയും സഹോദരങ്ങളും മറ്റു ബന്ധുക്കളും എത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home