ആക്രമിച്ചത് തീവ്രഹിന്ദുത്വവാദികൾ: വാൾ കഴുത്തിൽ; തിരിച്ചുപോകാൻ ആക്രോശം

ലീനസ് പുത്തൻവീട്ടിൽ, സിൽവിൻ ആന്റണി

സ്വന്തം ലേഖകൻ
Published on Jun 03, 2025, 12:08 AM | 1 min read
കൊച്ചി: ‘‘ക്രൂരമായ ആക്രമണത്തിനുശേഷം അവർ ഞങ്ങളുടെ കഴുത്തിൽ വാൾചേർത്തുവച്ചു. എവിടെനിന്ന് വന്നോ അവിടേക്ക് തിരിച്ചുപോകാൻ ആക്രോശിച്ചു’’– മലയാളി വൈദികരായ ലീനസ് പുത്തൻവീട്ടിലിന്റെ (90) യും സിൽവിൻ ആന്റണിയുടെ (44) യും വാക്കുകളിൽ ഇപ്പോഴും നടുക്കം. ഒഡിഷ സാമ്പൽപുർ കുച്ചിൻഡ ചർബാട്ടിയയിലെ കാർമൽ നികേതൻ മൈനർ സെമിനാരിയിൽവച്ചാണ് തീവ്രഹിന്ദുത്വവാദികൾ ഇരുവരെയും ആക്രമിച്ചത്. മെയ് 23ന് പുലർച്ചെയായിരുന്നു സംഭവം.
‘‘ആയുധധാരികളായ സംഘം സെമിനാരിയുടെ ഗേറ്റ് തകർത്ത് അകത്തുകയറി. കമ്പിപ്പാര, വാൾ, ഇരുമ്പുദണ്ഡ് ഉൾപ്പെടെയുള്ള ആയുധങ്ങളുണ്ടായിരുന്നു. നായയുടെ കുരകേട്ട് പുറത്തേക്കിറങ്ങിയതായിരുന്നു ഞാൻ. പതിയിരുന്ന സംഘം ആദ്യം എന്നെ ആക്രമിച്ചു. മുറിയിലേക്ക് വലിച്ചിഴച്ചു. കൈയും കാലും കെട്ടിയിട്ടു. ദേഹമാസകലം അടിച്ചു. അരയ്‌ക്കു കീഴോട്ടായിരുന്നു കൂടുതലും. കമ്പിപ്പാരകൊണ്ട് കഴുത്തിൽ കുത്തി. പണം എവിടെയെന്ന് ചോദിച്ചു. പണവും എടിഎം കാർഡുകളും കൈക്കലാക്കി. മൊബൈൽഫോണും എടുത്തു. വീണ്ടും ആക്രമണം തുടർന്നു. കമിഴ്‌ത്തിക്കിടത്തി മർദിക്കുന്നതിനിടെ എവിടെനിന്നാണെന്ന് ചോദിച്ചു. കേരളത്തിൽനിന്നെന്ന് പറഞ്ഞപ്പോൾ അവിടേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. കേരളത്തിലേതുപോലെ 24 മണിക്കൂറിനുള്ളിൽ അക്രമികളെ പിടികൂടുന്ന സംവിധാനമൊന്നും അവിടെയില്ലല്ലോ–- ഫാ. സിൽവിൻ പറഞ്ഞു.
സിൽവിനെ ആക്രമിക്കുന്നതിനിടെ മുഖംമൂടിധരിച്ച അക്രമികൾ തന്റെ രണ്ടു കാലിലും മാറിമാറി അടിച്ചെന്ന് ഫാ. ലീനസ് പറഞ്ഞു. കെട്ടിയിട്ടശേഷമാണ് മടങ്ങിയത്. കരച്ചിൽ കേട്ടെത്തിയ സമീപത്തെ പൂജാരിയും നാട്ടുകാരുമാണ് മുറിതുറന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സാമ്പൽപുർ രൂപതയിൽ ഇത് ആറാമത്തെ ആക്രമണമാണ്. ചികിത്സയ്‌ക്ക് ശേഷം ഇരുവരും ഒഡിഷയിലേക്ക് പോകും. കുമ്പളങ്ങി സ്വദേശിയാണ് ലീനസ്. ഗോതുരുത്താണ് സിൽവിന്റെ സ്വദേശം.









0 comments