ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറാഞ്ഞതിന്റെ ദേഷ്യത്തിൽ ചവിട്ടി പുറത്തേക്കിട്ടു; കുറ്റം സമ്മതിച്ച് പ്രതി

varkala train case
വെബ് ഡെസ്ക്

Published on Nov 03, 2025, 10:03 AM | 1 min read

തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറാഞ്ഞതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയത് എന്നാണ് പ്രതി വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ് കുമാറിന്റെ ന്യായീകരണം.


കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്‌മെന്റിൽ മദ്യപിച്ച് കയറിയ പ്രതി പെൺകുട്ടിയെ പുറത്തേക്ക് ചവിട്ടിയിടുകയായിരുന്നു. തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടിയെ (സോനു, 20) ആണ് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചുവേളിയിൽനിന്നാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്.


ഞായർ രാത്രി എട്ടോടെ വർക്കല അയന്തിപാലത്തിന് സമീപത്തായിരുന്നു സംഭവം. ട്രെയിനിലെ ശുചിമുറിക്ക് സമീപംനിന്ന ശ്രീക്കുട്ടിയെ ഒരു പ്രകോപനവുമില്ലാതെ തള്ളിയിടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചു. കമ്പാർട്‌മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് അർച്ചനയെ രക്ഷിച്ചത്. രണ്ട് പെൺകുട്ടികളും ആലുവയിൽനിന്നാണ് യാത്ര തുടങ്ങിയത്. സുരേഷ് കുമാർ കോട്ടയത്തുനിന്നാണ് കയറിയത്.


വർക്കലയിൽ നിർത്തിയ ട്രെയിൻ വീണ്ടും പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോയത്. ശ്രീക്കുട്ടി വാതിലിന് സമീപത്തുനിന്നശേഷം അർച്ചന ശുചിമുറിയിൽ കയറി. അർച്ചന മടങ്ങിവരുമ്പോഴാണ്, വാതിലിന് സമീപത്തുനിന്ന പെൺകുട്ടിയെ ഇയാൾ നടുവിന് ചവിട്ടിയിടുന്നത് കണ്ടത്. നിലവിളിച്ചതോടെ അക്രമി തനിക്കുനേരെ തിരിഞ്ഞ് കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെന്നും കമ്പാർട്‌മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നെന്നും അർച്ചന പറയുന്നു. നിലവിളി കേട്ട് മറ്റു യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.


പെൺകുട്ടിയെ തള്ളിയിട്ട വിവരം യാത്രക്കാർ പൊലീസിൽ അറിയിച്ചു. കൊച്ചുവേളിയിൽവച്ച് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന്‌ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക്‌ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തങ്ങൾക്ക് പ്രതിയുമായി യാതൊരു മുൻ പരിചയവുമില്ലെന്ന് അർച്ചന പൊലീസിന് മൊഴി നൽകി. ആന്തരിക രക്തസ്രാവമുള്ളതിനാൽ ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home