കേൾവിപരിമിതർക്കും പഠനം എളുപ്പമാകും ; പ്രത്യേക പാഠപുസ്‌തകം തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം
പട പട പട പട, പറവകൾ പാറി
തന തന തന തന, തനു തിന താന
കലപില കലപില, പറവകൾ പാടി....
ഒന്നാം ക്ലാസ്സിൽ കൂട്ടുകാർ മലയാളം പുസ്‌തകത്തിലെ ആദ്യപാഠം ‘പറവകൾ പാടി’ ഈണത്തിൽ പാടി പഠിക്കുമ്പോൾ ശ്രവണപരിമിതിയുള്ള കുട്ടികൾ പിറകിലാകില്ല. ജീവിതത്തിൽ ഇന്നേവരെ ഒന്നും കേൾക്കാത്ത ഇവരെയും ചേർത്തുപിടിച്ച് പഠനം എളുപ്പമാക്കാൻ പ്രത്യേക പുസ്‌തകം തയ്യാറാക്കിയിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. രാജ്യത്ത് ആദ്യമായാണ് സ്കൂൾതലത്തിൽ കേൾവിപരിമിതർക്കായി പ്രത്യേക പുസ്‌തകം.
കേൾവിക്കും കാഴ്ചയ്‌ക്കും തുല്യപ്രാധാന്യമുള്ള സാധാരണ പുസ്‌തകങ്ങളിലെ അക്ഷരങ്ങളും വാക്കുകളും പഠിക്കുക കേൾവിപരിമിതർക്ക് പ്രയാസമായതിനാലാണ് കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയും പാഠഭാഗങ്ങൾ ലഘൂകരിച്ചും പ്രത്യേക പുസ്തകങ്ങൾ തയ്യാറാക്കിയത്. ഉച്ചരിക്കാൻ എളുപ്പമുള്ള അക്ഷരങ്ങളും വാക്കുകളും ആദ്യം പഠിപ്പിക്കും. ഒന്നുമുതൽ മൂന്നുവരെ ക്ലാസുകാർക്കായുള്ള 12 പുസ്‌തകങ്ങളുടെയും പ്രവൃത്തി പുസ്‌തകങ്ങളുടെയും പ്രകാശനം തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
വരും ദിവസങ്ങളിൽത്തന്നെ പുസ്‌തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുമെന്ന് എസ്‌സിഇആർടി ഡയറക്‌ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. നാലാം ക്ലാസ്സുകാർക്കുള്ള പുസ്‌തകവും ഉടൻ തയ്യാറാക്കും. ശ്രവണ പരിമിതിയുള്ളവർക്ക് പ്രത്യേക പാഠപുസ്‌തകങ്ങളിലൂടെ എൽപി തലം കഴിയുമ്പോഴേക്കും അക്ഷരങ്ങളും വാക്കുകളും ഉറപ്പിക്കാനാകും. തുടർ ക്ലാസുകളിൽ ജനറൽ പുസ്‌തകങ്ങൾ പഠിക്കാനുമാകുമെന്ന് എസ്‌സിഇആർടി റിസർച്ച് ഓഫീസർ (സ്‌പെഷ്യൽ എഡ്യുക്കേഷൻ) എ കെ അനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് 32 സർക്കാർ, എയ്‌ഡഡ് ബധിര വിദ്യാലയങ്ങളാണ് ഉള്ളത്.









0 comments