കെടിയുവിൽ ഇഷ്ടക്കാരനെ രജിസ്ട്രാറാക്കി താൽക്കാലിക വിസി

തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ വീണ്ടും അമിതാധികാര പ്രയോഗവുമായി താൽക്കാലിക വൈസ് ചാൻസലർ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ഗോപിന് രജിസ്ട്രാറുടെ അധിക ചുമതല നൽകിയുള്ള ഉത്തരവ് പുറത്തിറക്കി. സിൻഡിക്കറ്റ് മുഖേന നടപ്പാക്കേണ്ട നിയമനം, ഇല്ലാത്ത അധികാരം ഉപയോഗിച്ച് നടപ്പാക്കുകയാണ്. ഈ നിയമനം അടുത്തതായി ചേരുന്ന സിൻഡിക്കറ്റ് യോഗം അംഗീകരിച്ചാലേ ഗോപിന് തുടരാൻ കഴിയുകയുള്ളു. സിൻഡിക്കറ്റ് യോഗം ചേരാൻ ഡോ. കെ ശിവപ്രസാദ് തയ്യാറാകാത്തതിനാൽ മൂന്നുമാസമായി സർവകലാശാലാ രജിസ്ട്രാർ കസേരയൊഴിഞ്ഞുകിടക്കുകയാണ്. ഒഴിവുവന്ന തസ്തികകളൊന്നും യഥാസമയം റിപ്പോർട്ട് ചെയ്യാനും ശിവപ്രസാദ് തയ്യാറായിരുന്നില്ല.
സർവകലാശാലയിൽ സിൻഡിക്കറ്റ് യോഗം ചേർന്ന് തീരുമാനങ്ങളെടുത്തിട്ട് ഒമ്പത് മാസമായി. ഒക്ടോബറിലാണ് അവസാനമായി പൂർണതോതിൽ സിൻഡിക്കറ്റ് ചേർന്നത്. അംഗങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് ജനുവരിയിൽ യോഗം ചേർന്നിരുന്നു. എന്നാൽ, കോൺഗ്രസ് സംഘടനാ നേതാവിന്റെ പിഎഫ് തിരിമറി ചർച്ചചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാതെ യോഗം പിരിച്ചുവിടുകയും തീരുമാനങ്ങളെല്ലാം റദ്ദാക്കുകയുമായിരുന്നു. ഇതിനുശേഷം സിൻഡിക്കറ്റ് ചേരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിസി തയ്യാറായിട്ടില്ല. ബജറ്റുമായി ബന്ധപ്പെട്ട വോട്ട് ഓൺ അക്കൗണ്ട് പാസാക്കാൻ സ്പെഷ്യൽ സിൻഡിക്കറ്റ് മാത്രമാണ് ശിവപ്രസാദിന്റെ കാലയളവിൽ ചേർന്നത്.









0 comments