സ്നേഹകേരളം: രയരമംഗലത്ത്‌ നാലമ്പലത്തിൽ ജാതിഭേദമില്ലാതെ പ്രവേശനം

rayaramangalam temple

രയരമംഗലം ഭഗവതിക്ഷേത്ര നാലമ്പലത്തിൽ ജനകീയ സമിതി പ്രവർത്തകർ ദർശനത്തിനെത്തിയപ്പോൾ

avatar
പി മഷൂദ്

Published on Apr 14, 2025, 12:00 AM | 1 min read

പിലിക്കോട് (കാസർകോട്‌): രയരമംഗലം ഭഗവതി ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ ഹിന്ദുമതത്തിൽപ്പെട്ട എല്ലാ ജാതിവിഭാഗക്കാർക്കും പ്രവേശനം. ആചാരത്തിന്റെ പേരിലുള്ള വിവേചനം മറികടന്ന്‌ ഞായറാഴ്‌ച എല്ലാ ജാതിവിഭാഗത്തിൽപ്പെട്ടവരും പ്രവേശിച്ചപ്പോൾ പിറന്നത്‌ ചരിത്രം. നമ്പൂതിരി, വാര്യർ, മാരാർ വിഭാഗക്കാർക്കുമാത്രമാണ്‌ നാലമ്പലത്തിൽ നൂറ്റാണ്ടുകളായി പ്രവേശനം ഉണ്ടായിരുന്നത്‌. നായർ, മണിയാണി വിഭാഗത്തിലുള്ളവർക്ക് ഉത്സവസമയത്ത്‌ പ്രവേശനം നൽകിയിരുന്നു. ഞായർ രാവിലെ എട്ടോടെ ജനകീയസമിതി നേതൃത്വത്തിൽ 16 പേരടങ്ങളുന്ന പുരുഷസംഘം നാലമ്പലത്തിൽ പ്രവേശിച്ചു. തുടർന്ന്‌, തൊഴാനെത്തിയവരെല്ലാം അകത്തെത്തി പ്രസാദവുംവാങ്ങി.


എല്ലാ വിശ്വാസികൾക്കും പ്രവേശനം അനുവദിക്കാൻ വർഷങ്ങൾക്കുമുമ്പ് ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന്‌ പ്രദേശത്തെ നിനവ് പുരുഷ സ്വയംസഹായ സംഘം അടുത്തിടെ നാലമ്പല പ്രവേശനത്തിനായി പ്രമേയം അവതരിപ്പിച്ചിരുന്നു. ജനകീയസമിതി ദേവസ്വംമന്ത്രിക്കും മലബാർ ദേവസ്വം ബോർഡിനും ക്ഷേത്രം ട്രസ്റ്റിനും തന്ത്രിക്കും കത്തും നൽകി. കഴിഞ്ഞ മാസം ക്ഷേത്രത്തിൽ തന്ത്രി കാളകാട്ടില്ലത്ത് നാരായണൻ ചർച്ച നടത്തിയപ്പോൾ, അകത്തുകയറി തൊഴണമെന്നുള്ളവർക്ക്‌ അതാകാമെന്ന്‌ പറഞ്ഞു. ജനകീയ സമിതി ചെയർമാൻ ഉമേഷ്‌ പിലിക്കോട്, കൺവീനർ പി വി സുനിൽകുമാർ, രവി പിലിക്കോട്, കെ വി രാജേഷ്, കെ പി മനോജ്‌, വത്സരാജ് പിലിക്കോട്, അഖിൽ ചന്ദ്രൻ എന്നിരുടെ നേതൃത്വത്തിലായിരുന്നു നാലമ്പല പ്രവേശനം.






deshabhimani section

Related News

View More
0 comments
Sort by

Home