ടെക്‌നോപാർക്ക് ജീവനക്കാരുടെ എണ്ണത്തിൽ 27 ശതമാനം വർധന

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് വൻ വർധന. 2020–21 വർഷം 63,000 പേരാണ് ടെക്‌നോപാർക്കിൽ ജോലി ചെയ്തിരുന്നതെങ്കിൽ 2024–25 വർഷമാവുമ്പോഴേക്കും അത് 80,000 ആയാണ് വർധിച്ചത്. അതായത് അഞ്ച് വർഷത്തിനിടെ രേഖപ്പെടുത്തിയത് 27 ശതമാനത്തിന്റെ വർധനയാണ്. ഈ കാലയളവിൽ ജനസംഖ്യയിൽ കേരളത്തിലുള്ള പല മുനിസിപ്പാലിറ്റികളെയും മറികടന്നിരിക്കുകയും ചെയ്തു 35 വയസുള്ള ഇന്ത്യയിലെ ആദ്യ ഐ ടി പാർക്കായ ടെക്‌നോപാർക്ക്.
നിലവിൽ ജോലി ചെയ്യുന്ന 80,000 തൊഴിലാളികളിൽ 45 ശതമാനം പേരും വനിതകളാണ്. ടെക്‌നോപാർക്കിൽ ലഭ്യമാവുന്ന സുരക്ഷിതമായ ജോലി അന്തരീക്ഷമാണ് ഇതിനുള്ള കാരണം എന്ന് ഐ ടി സെക്രട്ടറി സാംബശിവ റാവു ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ സോഫ്‌റ്റ്‌വെയർ കയറ്റുമതിയിൽ ടെക്‌നോപാർക്കിൽ 55 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ടെക്‌നോപാർക്കിലെ കയറ്റുമതി വരുമാനത്തിലും വൻ വർധനയാണുണ്ടായിട്ടുള്ളത്. 2020-21 വർഷം 8,501 കോടി രൂപയാണ് കയറ്റുമതി വരുമാനമായി ലഭിച്ചതെങ്കിൽ കഴിഞ്ഞ വർഷം ലഭിച്ചത് 13,225 കോടിയിലധികം രൂപയാണ്. 12.7 ദശലക്ഷം സ്‌ക്വയർ ഫീറ്റിൽ സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെ 500ലധികം ഐടി കമ്പനികളാണ് ഇപ്പോൾ ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്നത്.









0 comments