സാങ്കേതിക കുതിപ്പിന്റെ മുഖമുദ്ര

thiruvananthapuram technopark
avatar
എസ്‌ ഒ ദിനു

Published on Jul 28, 2025, 03:45 AM | 2 min read

കഴക്കൂട്ടം: കഴക്കൂട്ടം ദേശീയപാതയ്ക്ക്‌ സമീപമുള്ള വൈദ്യൻകുന്ന്‌ ഒരുകാലത്ത്‌ കശുമാവുകൾ തിങ്ങിനിറഞ്ഞ പ്രദേശമായിരുന്നു. ഇന്നിത്‌ ലോക ഐടി ഭൂപടത്തിൽ ഇടംനേടിയ പ്രധാന കേന്ദ്രങ്ങളിലൊന്നായി കേരളത്തിന്റെ സാങ്കേതിക കുതിപ്പിന്‌ കരുത്തേകുകയാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കായ ‘ടെക്നോപാർക്ക്‌’ പ്രവർത്തനമാരംഭിച്ചിട്ട്‌ തിങ്കളാഴ്ച 35 വർഷം.


അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഉദ്ഘാടനം ചെയ്തത്. സ്ഥലമേറ്റെടുപ്പും ഒന്നാംഘട്ട വികസനവും ആ സർക്കാരിന്റെ കാലത്ത്‌ യാഥാർഥ്യമാക്കി. പിന്നീടുവന്ന ഇടതുപക്ഷ സർക്കാരുകളും ടെക്നോപാർക്കിന്റെ മുന്നേറ്റത്തിന്‌ വിവിധ പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കി. പിണറായി സർക്കാർ അധികാരത്തിലേറിയതോടെ തൊഴിലവസരങ്ങൾ ഇരട്ടിയായി വർധിച്ചു. 250 കമ്പനികളിൽനിന്ന്‌ 500 ആയി ഉയർന്നു. 40,000 ജീവനക്കാരുണ്ടായിരുന്നതിൽനിന്ന്‌ 80,000 ആയി.


സ്റ്റാർട്ടപ്പുകളിലുണ്ടായ കുതിച്ചുചാട്ടം ഈ മാറ്റത്തിന്‌ വേഗതകൂട്ടി. കഴിഞ്ഞ 9 വർഷം കൊണ്ട് ഐടി കയറ്റുമതി 34,000 കോടി രൂപയിൽനിന്ന് 90,000 കോടി രൂപയായി ഉയർന്നു. ആറു പുതിയ കെട്ടിടങ്ങൾക്കൂടെ നിർമാണം പുരോഗമിക്കുകയാണ്‌. ഇത്‌ പൂർത്തിയായാൽ 10,000 തൊഴിലവസരങ്ങൾക്കൂടി ഉണ്ടാകും.


തലസ്ഥാനത്തെ സാങ്കേതിക ഹബ്ബാക്കി ഉയർത്തുന്നതിൽ ടെക്നോപാർക്കിന്റെ പങ്ക് ഏറെയാണ്‌. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ നിലനിൽക്കുന്നതിനാൽ രാജ്യാന്തര ഐടി കമ്പനികളുടെ തെരഞ്ഞെടുപ്പുകളിൽ ടെക്നോപാർക്ക് മുന്നിട്ടുനിൽക്കുന്നു. 35 വർഷമായി ആഗോള കമ്പനികൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പുതുമുഖ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്കും വളരാനുള്ള അന്തരീക്ഷം ഒരുക്കിയെന്ന് അഭിമാനത്തോടെ പറയാനാകുമെന്ന് ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ പറഞ്ഞു.


500ലധികം കമ്പനികൾ, 80,000 ജീവനക്കാർ


തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 5 ക്യാമ്പസുകളിലായാണ്‌ ഇന്ന്‌ ടെക്നോപാർക്‌ പ്രവർത്തിക്കുന്നത്‌. 760 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു. ഇൻഫോസിസ്, യുഎസ്ടി, ടിസിഎസ്, എച്ച്സിഎൽടെക്, ആക്സെഞ്ചർ, ടാറ്റ എൽക്സി, അലയൻസ്, ഗൈഡ്ഹൗസ്, നിസാൻ ഡിജിറ്റൽ, ഒറാക്കിൾ, ഐബിഎസ്, ക്വസ്റ്റ് ഗ്ലോബൽ, ടൂൺസ് ആനിമേഷൻ തുടങ്ങിയ ആഗോള പ്രമുഖ സ്ഥാപനങ്ങൾക്കൊപ്പം 500ലധികം കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്‌. ഇവൈ, അലയൻസ്, അച്ച് ആൻഡ് ആർ ബ്ലോക്ക്, നിസാൻ ഡിജിറ്റൽ, ആക്സെഞ്ചർ, ഇക്വിഫാക്സ്, ഇൻസൈറ്റ്, ഐക്കൺ, ആർഎം എഡ്യുക്കേഷൻ, സഫ്രാൻ തുടങ്ങിയ നിരവധി കമ്പനികളുടെ ഗ്ലോബൽ കപ്പാസിറ്റി സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം), ഡിജിറ്റൽ യൂണിവേഴ്സ്റ്റി, ഐസിടി അക്കാദമി ഓഫ് കേരള, കേരള സ്പേസ് പാർക്ക് സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളുമുണ്ട്‌. അർമാഡ, ദുബായ് ഇൻഷുറൻസ് തുടങ്ങിയ വിദേശ കമ്പനികളുടെ ഇന്ത്യൻ പ്രവർത്തന കേന്ദ്രമായി ടെക്നോപാർക്കിനെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home