അധ്യാപക നിയമന തട്ടിപ്പ്: സെക്രട്ടറിയറ്റ് ജീവനക്കാരനും പിടിയിൽ

അറസ്റ്റിലായ സെക്രട്ടറിയറ്റ് ജീവനക്കാരൻ സുരേഷ് ബാബു, ഒന്നാം പ്രതി കെ പി വിജയൻ

സ്വന്തം ലേഖകൻ
Published on Jun 21, 2025, 08:25 PM | 1 min read
കോട്ടയം: അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നതിന്റെ പേരിൽ പണംവാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടാം പ്രതി സുരേഷ് ബാബു വിജിലൻസ് പിടിയിയിൽ. ശനി ഉച്ചയോടെ തിരുവനന്തപുരം പള്ളിക്കൽ മൂതലയിലുള്ള വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സെക്രട്ടറിയറ്റിലെ അസി. സെക്‌ഷൻ ഓഫീസറായ സുരേഷ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
Related News
കോട്ടയം വിജിലൻസ് ഡിവൈഎസ്‌പി വി ആർ രവികുമാറിന്റെ നിർദേശ പ്രകാരം എസ്‌ഐ എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ ജയ്‌മോൻ, സീനിയർ സിപിഒ രജീഷ്, ഡ്രൈവർ സിപിഒ വിബിൻ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് വടകരയിലെ മുൻ പ്രഥമാധ്യാപകൻ കെ പി വിജയനാണ് ഒന്നാം പ്രതി. ഇയാൾ പാലായിലെ എയ്‌ഡഡ് സ്‌കൂളിലെ അധ്യാപകരിൽനിന്നാണ് പണം വാങ്ങിയത്. പുനർനിയമനം ക്രമപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിൽ ഒന്നര ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. വിജയന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് സുരേഷ് ബാബുവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിജിലൻസിന് ലഭിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.
0 comments