ചെക്ക്ഔട്ട് സംവിധാനം വികസിപ്പിച്ച് കേരള സ്‌റ്റാർട്ടപ്

തിരുവനന്തപുരം
ഐഎസ്‌ആർഒയ്‌ക്കും പ്രതിരോധ മേഖലയ്‌ക്കും ആവശ്യമായ ചെക്ക്‌ഔട്ട് സംവിധാനങ്ങൾ തദ്ദേശീയമായി വികസിപ്പിച്ച് കേരള സ്‌റ്റാർട്ടപ്പ്. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ‘ടാക്ക് ലോഗ് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയാണ് ‘ഡാറ്റോസ്‌കൂപ്പ്’ എന്ന ബ്രാൻഡിൽ ഉൽപ്പന്നം വികസിപ്പിച്ചത്. ഡാറ്റോ സ്‌കൂപ്പിന്റെ പൂർണ പതിപ്പ് ജൂണിൽ ഐഎസ്ആർഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ എത്തിക്കുമെന്ന് സിഇഒ പ്രതീഷ് വി നായർ പറഞ്ഞു.
കൈയിലൊതുങ്ങുന്നതും ഉയർന്ന പ്രവർത്തനക്ഷമതയിൽ സ്വയം പ്രവർത്തിക്കുന്നതുമായ ചെക്ക്ഔട്ട് സംവിധാനങ്ങൾ ബഹിരാകാശ, പ്രതിരോധ മേഖലകൾക്ക് ഏറെ പ്രയോജനകരമാകും. ഐഎസ്ആർഒയും പ്രതിരോധ മേഖലയും നിലവിൽ ഉപയോഗിക്കുന്ന ചെക്ക്ഔട്ട് സംവിധാന ഉപകരണങ്ങൾക്ക് 30 ലക്ഷം മുതൽ ഒരുകോടി വരെയാണ് വില. ഇതിനു പകരമായി ചുരുങ്ങിയ ചെലവിൽ മികച്ച പ്രവർത്തനക്ഷമതയുള്ള ഡാറ്റോ സ്‌കൂപ്പ് ഉപയോഗിക്കാനാകും. നിലവിൽ ഡാറ്റോസ്‌കൂപ്പിന്റെ 20 യൂണിറ്റ് ഐഎസ്ആർഒയ്‌ക്കു നൽകിയിട്ടുണ്ട്. ആവശ്യം കൂടുതലായതിനാൽ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ-കോമേഴ്സ് പ്ലാറ്റ് ഫോമായ ജെംപോർട്ടലിൽ ഡാറ്റോസ്‌കൂപ്പ് ലഭ്യമാണ്.
സെൻസർ നിർമാണത്തിനുശേഷമുള്ള ടെസ്‌റ്റുകളുടെ ഭാഗമായി അവയിൽനിന്നുള്ള വിവരങ്ങൾ സ്വീകരിക്കാനും സ്ഥിതിവിവരങ്ങളും ഫലങ്ങളും പ്രദർശിപ്പിക്കാനും സംവിധാനത്തിന് കഴിയും. ഒരേസമയം നാലു സ്രോതസ്സിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാകും. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ടാക്ക് ലോഗ് തയ്യാറാണെന്നും പ്രതിരോധ, ബഹിരാകാശ മേഖലകൾക്കായി വലിയ പദ്ധതികൾക്കായുള്ള ഒരുക്കത്തിലാണെന്നും പ്രതീഷ് പറഞ്ഞു.









0 comments