മൊഴി എന്ന പേരിൽ മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധം: ടി വീണ

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന് എസ്എഫ്ഐഓയ്ക്ക് താൻ സ്റ്റേറ്റ്മെന്റ് നൽകി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ടി വീണ.
'ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും നൽകിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു'- വീണ പറഞ്ഞു.
വീണയുടെ മൊഴി എന്ന പേരിൽ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ തെറ്റാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
'അസത്യമായ വാർത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നൽകിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ ഓഫീസിൽ നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ വാർത്താക്കുന്ന സ്ഥിതി വന്നാൽ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാർത്ത നൽകുന്നവർക്ക് എന്തും നൽകാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളള കാര്യമാണ്. മറ്റു വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല'- മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റിയാസ് പറഞ്ഞു.









0 comments