തമ്പിലൂടെ ഹൃദയത്തിൽ ചേക്കേറിയ കൂട്ടുകാരൻ : ടി വി ചന്ദ്രൻ

അരനൂറ്റാണ്ടിലേറെയുള്ള ബന്ധം. ഓർമിക്കാൻ ഒരുപാട് കാര്യങ്ങൾ. ഞങ്ങൾ സുഹൃത്തുക്കൾ ഒത്തുചേരുമ്പോൾ നിശബ്ദ സാന്നിധ്യമായിരുന്നു ഷാജി. എന്നേക്കാൾ പ്രായം കുറവ്. എങ്കിലും ജീവിതത്തിലെ നിറസാന്നിധ്യം. അതില്ലാതായി. ഞായറാഴ്‌ചയും വീട്ടിൽ പോയി കണ്ടിരുന്നു. ജെ സി ഡാനിയേൽ അവാർഡിലൂടെ സല്യൂട്ട് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞാനായിരുന്നു ജൂറി ചെയർമാൻ.
1977ൽ അരവിന്ദന്റെ ‘തമ്പ്’ ഷൂട്ടിങ് കഴിഞ്ഞ സമയം. നാൽപ്പതിനായിരം അടിയോളമുള്ള എഡിറ്റ് ചെയ്യാത്ത സിനിമയുടെ റീൽ കാണുന്ന ആ കാലത്താണ് ഷാജിയെ ശരിക്കും പരിചയപ്പെടുന്നത്. സർക്കസ്, സർക്കസ് കാണുന്ന കുട്ടികൾ, വീട്ടുകാരറിയാതെ ആദ്യമായി ബീഡി വലിക്കുന്ന കുട്ടി–- ഹാൻഡി കാമറയിൽ ഷാജി ഷൂട്ട് ചെയ്‌തതാണ്. തമ്പാണ് അരവിന്ദന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടം. അരവിന്ദനും ഷാജിയും താമസിച്ചിരുന്ന ജനറൽ പിക്‌ചേർസ് ഓഫീസ് എന്റെയും പവിത്രൻ, ഭരതൻ, ജോൺ എബ്രഹാം എന്നിവരുടെയും താവളമായിരുന്നു. ഞങ്ങളൊക്കെ വലിയ ബഹളമുണ്ടാക്കുമ്പോഴും ഷാജി ചിരിച്ചുകൊണ്ടിരിക്കും.
1990ൽ കൊൽക്കത്ത ഇന്ത്യൻ പനോരമ സെഷനിൽ എന്റെ ‘ആലീസിന്റെ അന്വേഷണം’ ഷാജിയുടെ ‘പിറവി’ എന്നിവയുണ്ടായിരുന്നു. പിന്നീട് ഷാജിയുടെ ‘കുട്ടിസ്രാങ്ക്’ കൈരളി തിയറ്ററിൽ കണ്ടപ്പോൾ എനിക്കവനെ അപ്പോൾത്തന്നെ വിളിക്കണമെന്ന് തോന്നി. മദ്രാസിലായിരുന്ന സംഗീത സംവിധായകൻ ഐസക് തോമസിനെ വിളിച്ച് ഷാജി എവിടെയാണെന്ന് തിരക്കി. അപ്പോൾത്തന്നെ ഫോണിൽ വിളിച്ചു. ‘ഇത് ജീവിതത്തിലൊരിക്കലും ഞാൻ മറക്കില്ല ചന്ദ്രാ, എന്നും മനസ്സിൽ സൂക്ഷിക്കും’ എന്നായിരുന്നു ഷാജിയുടെ മറുപടി. 2010ൽ ദേശീയ അവാർഡ് ജേതാക്കളെ ആദരിക്കാൻ കലാഭവനിൽ നടത്തിയ ചടങ്ങ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവരൊക്കെ വേദിയിൽ. കുട്ടിസ്രാങ്കിനെക്കുറിച്ച് ഞാൻ വാചാലനായി. വരുമ്പോൾ ഷാജി എന്റെ കൈ മുറുകെപ്പിടിച്ചു. കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ചെയർമാനെ തെരഞ്ഞെടുക്കാൻ ഷാജിയെയും എന്നെയുമാണ് സെർച്ച് കമ്മിറ്റിയായി സർക്കാർ നിശ്‌ചയിച്ചത്. നിരന്തരമായ കൂടിയാലോചനകൾ.
പറഞ്ഞുതീർക്കാവുന്നതിലുമേറെയാണ് ഓർമകൾ. പ്രിയസുഹൃത്തിന് അശ്രുപ്രണാമം.









0 comments