"കടൽ' കാണിക്കാതെ മറഞ്ഞു : ടി പത്‌മനാഭൻ

കടൽ എന്ന കഥ അഭ്രപാളിയിലെത്തിക്കാനാകാത്ത സങ്കടത്തോടെയാകും ഷാജി ഈ ലോകത്തുനിന്ന് മടങ്ങിയത്. കലാകൗമുദിയിൽ കഥ പ്രസിദ്ധപ്പെടുത്തിയ അന്ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തി എന്നെ കണ്ട് ചലച്ചിത്രമാക്കണമെന്ന് പറഞ്ഞിരുന്നു. കഥാപാത്രങ്ങളെ നിശ്ചയിച്ചും ചിലരോട് സംസാരിച്ചുമൊക്കെ വന്നത് കഥ ചോദിച്ചാൽ ഞാൻ കൊടുക്കുമെന്ന വിശ്വാസംകൊണ്ടാണ്. കണ്ണൂർ ഗവ. ഗസ്‌റ്റ് ഹൗസിൽ മൂന്നുദിവസം തങ്ങി സംസാരിച്ചു. ജയ ബച്ചനെ നായികയാക്കാൻ ആലോചിച്ചപ്പോൾ ബച്ചന്റെ നിർമാണ കമ്പനിക്ക് കുറച്ച് വൈഷമ്യങ്ങളുണ്ടായി. ജയ സ്വന്തമായി നിർമിക്കാൻ താൽപ്പര്യമെടുത്തിട്ടും നടന്നില്ല. ഇപ്പോൾ കണ്ണാടി നോക്കുമ്പോൾ കാണുന്നത് തന്നെയല്ല, കടലിലെ അമ്മയെയാണ് എന്ന് ജയ ആയിടയ്‌ക്ക് പറഞ്ഞിരുന്നു. കുട്ടിസ്രാങ്കിലെ നായികയും കടൽ സിനിമയാക്കുമെന്ന മോഹവുമായി വന്നു. കൊൽക്കത്തയിൽനിന്ന് മറ്റൊരു സ്ത്രീയും പിന്നീട് വന്നു. മുംബൈക്കാരിയായ കുട്ടിസ്രാങ്കിലെ നായിക കഥ വിട്ടുകൊടുത്തില്ല. ഇതിലെ അമ്മയെ തനിക്ക് അവതരിപ്പിക്കണം എന്നുപറഞ്ഞ് അവരെ മടക്കിയയച്ചു.
ഷാജി കാണുമ്പോഴൊക്ക കടലിനെക്കുറിച്ച് സംസാരിക്കും. പഴയ മോഹം പങ്കുവയ്ക്കും. നടക്കില്ല എന്ന് പറഞ്ഞ് ഞാൻ ചിരിക്കും. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമാണെന്നും കടൽ താൻതന്നെ എടുക്കുമെന്നും ഷാജി പലപ്പോഴും പറഞ്ഞു. വെള്ളിത്തിരയിൽ കടൽ എത്തിക്കും എന്ന വിശ്വാസം അവസാനനാളുവരെയും ഷാജിക്കുണ്ടായിരുന്നു. നടക്കില്ലെന്ന് എനിക്കുമറിയാമായിരുന്നു. കടലിലെ അമ്മയെ നേരിട്ടറിയാം. അത് അഭ്രപാളിയിലെത്താൻ ഞാനും ആഗ്രഹിച്ചിരുന്നു.
ജെ സി ഡാനിയേൽ പുരസ്കാരം സമ്മാനിക്കുന്നത് ടിവിയിൽ കണ്ടു. അടുത്ത ദിവസം വാർത്തയും ചിത്രവും പത്രങ്ങളിലും കണ്ടു. ഷാജിയെ കാണുന്നേയില്ലല്ലോ എന്ന് അത്‌ഭുതപ്പെട്ടു. രൂപം അത്രമേൽ മാറിയിരുന്നു. ഉദാരശിരോമണി റോഡിലെ വീട്ടിൽ പലവട്ടം പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരുമിച്ച് നടന്നിട്ടുണ്ട്. എല്ലാവരും കാമറ കൊണ്ട് ചിത്രീകരിക്കുന്നു, ഷാജി ചിത്രീകരിക്കുമ്പോൾ അത്‌ഭുതകരമായ മാനങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നൊരിക്കൽ ചോദിച്ചു. പദങ്ങൾകൊണ്ടല്ലേ എല്ലാരും കഥകൾ എഴുതുന്നത്, പത്മനാഭന്റെ കഥയെന്താ ഇത്ര ഗംഭീരമാകുന്നത് എന്നായിരുന്നു മറുചോദ്യം.









0 comments